- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരപ്പന്റെ മണ്ണിൽ സദസിനെ വിസ്മയിപ്പിച്ച് എറണാകുളം സ്വദേശിനി മഹാലക്ഷ്മിയുടെ മോഹിനിയാട്ടം
തൃശ്ശൂർ: ഗുരുവായൂരപ്പന്റെ മണ്ണിൽ ഭക്തിനിർഭരമായ ചലനങ്ങൾ കൊണ്ട് കാണികളെ വിസ്മയിപ്പിച്ച് എറണാകുളം സ്വദേശിനി മഹാലക്ഷ്മി അനൂപ്. വൈശാഖമാസ ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് മഹാലക്ഷ്മി മോഹിനിയാട്ടക്കച്ചേരി അവതരിപ്പിച്ചത്. മഞ്ജുളയുടെ കൃഷ്ണഭക്തിയും മഞ്ജുളാലിന്റെ ഐതിഹ്യവും വർണ്ണിക്കുന്ന ഗണേശസ്തുതിയിലൂടെ ആരംഭിച്ച കച്ചേരി ഏറെ ശ്രദ്ധേയമായി.
തഞ്ചാവൂർ ശങ്കരയ്യർ രചിച്ച മഹാദേവ ശിവാശംഭോ എന്ന രേവതി രാഗത്തിലുള്ള പദവും, സാരമതി രാഗത്തിലുള്ള വർണ്ണവും, മോഹിനിയാട്ടക്കച്ചേരിയിൽ അവതിരിപ്പിക്കപ്പെട്ടു. യശശരീരയായ കവയിത്രി സുഗതകുമാരിയുടെ 'കൃഷ്ണാ നീയെന്നെ അറിയില്ല' എന്ന കവിതയുടെ നൃത്താവിഷ്‌ക്കാരം കച്ചേരിയിലെ വേറിട്ട അനുഭവമായി. സ്വാതിതിരുനാൾ രചിച്ച ധനശ്രീ തില്ലാനയോട് കൂടിയാണ് കച്ചേരി സമാപിച്ചത്. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയാണ് മഹാലക്ഷ്മിയുടെ ഗുരു. വിദേശത്തടക്കം ശിഷ്യരുള്ള മഞ്ജുഘോഷ മോഹിനിയാട്ടക്കളരിയുടെ ഡയറക്ടർ കൂടിയായ മഹാലക്ഷ്മി ഇതിനോടകം തന്നെ രാജ്യത്തെ പല പ്രധാന വേദികളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ജെഎസ്ഡബ്ല്യൂ സ്റ്റീൽസിന്റെ ചീഫ് മാർക്കറ്റിങ്ങ് ഓഫീസറായ അനൂപ് നായരാണ് ഭർത്താവ്. രണ്ട് കുട്ടികളുമുണ്ട്.