കണ്ണൂർ: നവോത്ഥാന നായകനായ വാഗ്ഭടാനന്ദ ഗുരുദേവനെ അപമാനിച്ചുവെന്ന ആരോപണവുമായി പൗത്രിയും പാട്യം സ്വദേശിനിയുമായ
എ.പി.സുജാത. ഗുരുദേവനെ കുറിച്ച് ആത്മവിദ്യാ സംഘത്തിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ എഴുതിയ ഏകാകിയുടെ മൗനം, ഉദയസൂര്യനെ മോഹിച്ച പെൺകുട്ടി എന്ന നോവലിലും ഗുരു വാഗ്ഭടാനന്ദൻ എന്ന ജീവ ചരിത്രത്തിലും ധാരാളം വസ്തുതാപരമായ തെറ്റുകൾ ഉണ്ട്. കുടുംബത്തെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരാമർശങ്ങൾ ഉണ്ടെന്ന് എ.പി സുജാത കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

തെറ്റായ പരാമർശങ്ങൾ പുസ്തകങ്ങളിൽ നിന്ന് പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ജീവചരിത്രമായ ഗുരു വാഗ്ഭടാനന്ദൻ എന്ന പുസ്തകത്തിൽ അങ്ങോളമിങ്ങോളം കുടുംബത്തെ അപമാനിക്കുന്ന പരാമർശമുണ്ട്. ഞങ്ങളുടെ അമ്മമ്മ ചീരൂട്ടിയെ കുറിച്ച് എഴുതിയതൊക്കെ തെറ്റാണെന്നും സുജാത പറഞ്ഞു.പഴയ ചരിത്രകാരന്മാരോ ആധുനിക ചരിത്രകാരന്മാരോ വാഗ്ഭടാനന്ദനോടും കുടുംബത്തോടും നീതി പുലർത്തിയില്ലെന്നും സുജാത ആരോപിച്ചു.