കണ്ണൂർ: കൂത്തുപറമ്പ് കോട്ടയംപൊയിലിൽ ഭക്ഷ്യവിഷബാധ. കാനത്തും ചിറയിൽ ഭക്ഷ്യ വിഷബാധയേറ്റു ഇരുപതു പേർ കൂത്തുപറമ്പിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പിറന്നാൾ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്ചൊവ്വാഴ്ച വൈകിട്ടാണ് പിറന്നാൾ സൽക്കാരം നടന്നത്. ഇവിടെക്ക് ഹോട്ടലിൽ നിന്ന് ബിരിയാണിയും ബേക്കറിയിൽ നിന്ന് കേക്കും വാങ്ങിയിരുന്നു.

കൂടാതെ വീട്ടിൽ എത്തിയവർക്ക് കൂൾഡ്രിങ്ക്സും നൽകിയിരുന്നു. പിന്നീടാണ് ഭക്ഷണം കഴിച്ചവരിൽ ചിലർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ കൂത്തുപറമ്പിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ല.ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും പഞ്ചായത്ത് ആരോഗ്യ വകുപ്പും ഹോട്ടലിലും വീട്ടിലും പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.ബിരിയാണി കഴിച്ചവർക്കാണ് കൂടുതൽ അസ്വസ്ഥത അനുഭവപ്പെട്ടത്.

ഇതേ ബിരിയാണി ഹോട്ടലിൽ ഉച്ചയ്ക്ക് നൽകിയിരുന്നെങ്കിലും കഴിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഏത് ഭക്ഷണമാണ് വിഷബാധയ്ക്ക് ഇടയാക്കിയതെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയൂവെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. ബിരിയാണി, അച്ചാർ, തൈര്, കേക്ക് തുടങ്ങിയവയാണ് പരിശോധനയ്ക്ക് അയച്ചത്.ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂത്തുപറമ്പ് സർക്കിൾ ഓഫീസർ പി ഷോണിമ,കണ്ണൂർ ഓഫീസർ പി സുബിൻ, ജീവനക്കാരായ കെ വി സുരേഷ് കുമാർ, എൻ ടി ബിന്ദുരാജ് എന്നിവർ പങ്കെടുത്തു