- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേ പാലത്തിന് മുകളിൽ നിൽക്കവേ ട്രെയിൻ കടന്നു പോയി; പെട്ടെന്നുണ്ടായ വിറയലിൽ കയ്യിലിരുന്ന ചോരക്കുഞ്ഞ് പുഴയിലേക്ക് വീണു: പതിനൊന്നുദിവസം പ്രായമുള്ള പെൺകുഞ്ഞിനായി തിരച്ചിൽ തുടരുന്നു
ഏലംകുളം: റെയിൽവേ പാലത്തിനു മുകളിൽ നിൽക്കവെ അമ്മയുടെ കൈയിൽനിന്ന് പുഴയിലേക്ക് വീണ് കാണാതായ കൈക്കുഞ്ഞിനായി തിരച്ചിൽ തുടരുന്നു. പതിനൊന്നുദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പുഴയിൽ വീണ് കാണാതായത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന പാലത്തോൾ സ്വദേശിയായ 35-കാരിയുടെ കൈയിൽനിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോൾ പെട്ടന്നുണ്ടായ വിറയലിൽ കുഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് അമ്മ പറയുന്നത്.
ഏലംകുളം മുതുകുർശി മപ്പാട്ടുകര പാലത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ആരും അറിയാതെ വീട്ടിൽ നിന്നും കൈക്കുഞ്ഞുമായി ഇറങ്ങി പോന്നതായിരുന്നു യുവതി. പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന് രാത്രി ഒൻപതോടെ യുവതിയെയും കുഞ്ഞിനെയും കാണാതായി. വീട്ടുകാർ യുവതിക്കായി അന്വേഷണം നടത്തുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോൾ പുഴയിൽ വീണ കാര്യം പറഞ്ഞുു.
റെയിൽപ്പാലത്തിന് മുകളിൽ നിൽക്കുമ്പോൾ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ സുരക്ഷിത കവചത്തിലേക്ക് (ട്രോളിക്കൂട്) മാറി. തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലിൽ കുഞ്ഞ് കൈയിൽനിന്നു തെറിച്ച് പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും സംഭവ സ്ഥലത്തെത്തി കുഞ്ഞിനായി തിരച്ചിൽ തുടങ്ങി. വീട്ടുകാരും നാട്ടുകാരും രാത്രിതന്നെ പുഴയിൽ തിരച്ചിലാരംഭിച്ചു. പെരിന്തൽമണ്ണ അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരുംചേർന്ന് ബുധനാഴ്ച വൈകിയും തിരച്ചിൽ തുടരുകയാണ്.
നിലമ്പൂരിൽനിന്നും ഷൊർണൂർ ഭാഗത്തേക്ക് ഇതുവഴി ഗുഡ്സ് തീവണ്ടി കടന്നുപോയിരുന്നു. ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ, എസ്‌ഐ. സി.കെ. നൗഷാദ്, അഗ്‌നിരക്ഷാസേന പെരിന്തൽമണ്ണ നിലയം ഓഫീസർ സി. ബാബുരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ. പുഴയിൽ നല്ല ഒഴുക്കുണ്ട്. യുവതിയുടെ ഭർത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവർക്ക് ആറ് വയസുള്ള മകനുമുണ്ട്.