- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലൂടെ ഹണി ട്രാപ്പിൽ കുടുക്കി; റഡാറുകളുടെ സ്ഥാനങ്ങളും ഉദ്യോഗസ്ഥരുടെ പോസ്റ്റിങും അടക്കം ചോർത്തി നൽകി; പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യൻ വ്യോമസേന സൈനികൻ പിടിയിൽ; തെളിവായത് ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ
ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ വ്യോമസേന സൈനികൻ ദേവേന്ദ്ര ശർമ ആണ് പിടിയിലായത്. തന്ത്രപ്രധാന വ്യോമസേന വിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവേന്ദ്ര ശർമയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിരുന്നു.
വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ കുടുക്കി ഇയാളിൽ നിന്ന് സേനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസി ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഫേസ്‌ബുക്കിലൂടെയാണ് ദേവേന്ദ്ര ശർമയെ ഹണി ട്രാപ്പിൽ അകപ്പെടുത്തിയത്. ചാറ്റിങ്ങിനിടെ ഇന്ത്യൻ എയർഫോഴ്സ് റഡാറുകളുടെ സ്ഥാനങ്ങൾ, സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് തുടങ്ങി തന്ത്രപ്രധാനമായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വ്യക്തി ശർമ്മയിൽ നിന്ന് അന്വേഷിച്ചറിയാൻ ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സുപ്രധാന വിവരങ്ങൾ പലതും ശർമ പങ്കുവെച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. എത്രത്തോളം വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്ന് ചോദ്യംചെയ്യലിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.
ഇന്ത്യൻ സിം കാർഡ് ഉപയോഗിച്ചാണ് ദേവേന്ദ്ര ശർമയെ ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ പിന്നീട് ആ നമ്പർ പ്രവർത്തനരഹിതമായി. കേസിൽ മെയ് ആറിനാണ് ശർമയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൈനിക രഹസ്യാന്വേഷ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. നിലവിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ് ഇയാൾ. സേനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നത് മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഇയാളെ ഹണിട്രാപ്പിൽ പെടുത്തി പാക്കിസ്ഥാൻ വിവരങ്ങൾ ചോർത്തുകയായിരുന്നെന്ന് ഡൽഹി പൊലീസ് പറയുന്നു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ സംബന്ധിച്ച സംശയമാണ് പൊലീസിനെ ഇയാളിലേക്കെത്തിച്ചത്. കൂടെയുള്ള ഉദ്യോഗസ്ഥർക്കാർക്കെങ്കിലും ചാരവൃത്തിയിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐ.എസ്ഐ വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽപ്പെടുത്തി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ഡൽഹിയിൽ വച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
ന്യൂസ് ഡെസ്ക്