പാലാ: അപ്രതീക്ഷിതമായി പാലായിൽ ഉണ്ടായ കനത്ത മഴയിൽ ദുരിതം നേരിട്ട വിവിധ മേഖലകൾ മാണി സി കാപ്പൻ എം എൽ എ സന്ദർശിച്ചു.

ദുരിതബാധിതർക്കു അടിയന്തിര സഹായം എത്തിക്കാൻ ജില്ലാ കളക്ടർ, ആർ ഡി ഒ എന്നിവർക്ക് എം എൽ എ നിർദ്ദേശം നൽകി. പാലാമണ്ഡലത്തിൽ മഴയിൽ ഉണ്ടായ നാശ നഷ്ടങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കാൻ തഹസീൽദാരോട് എം എൽ എ ആവശ്യപ്പെട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ റവന്യൂമന്ത്രി കെ രാജനുമായി മാണി സി കാപ്പൻ വിവരങ്ങൾ പങ്കുവച്ചു.

കോട്ടയം ജില്ലയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ തയ്യാറാകാൻ പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ, റവന്യൂ, തദ്ദേശ സ്വയംഭരണ, വൈദ്യുതി വിഭാഗങ്ങളോട് എം എൽ എ ആവശ്യപ്പെട്ടു. താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകൾ നൽകുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാൻ മാണി സി കാപ്പൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. മീനച്ചിലാറ്റിലും തോടുകളിലും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആറ്റിലും തോടുകളിലും ഇറങ്ങുന്നതും സാഹസിക പ്രവർത്തനങ്ങൾ നടത്തുന്നതും ഒഴിവാക്കണമെന്നും എം എൽ എ പറഞ്ഞു. അടിയന്തിര സാഹചര്യത്തിൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വന്നാൽ സൗകര്യങ്ങൾ ഒരുക്കുവാനും മാണി സി കാപ്പൻ നിർദ്ദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഉൾപ്പെടെ സംഭവിച്ച പശ്ചാത്തലത്തിൽ പാലാ മേഖലയിൽ പാറഖനനം നിർത്തി വയ്ക്കാൻ നിർദ്ദേശിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

ആയുർവേദം പ്രകൃതിയോടു ചേർന്നു നിൽക്കുന്നു: മാണി സി കാപ്പൻ

രാമപുരം: പ്രകൃതിയോടു ചേർന്നുള്ള ചികിത്സാ മേഖലയാണ് ആയുർവേദമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പ്, പാലാ നിയമസഭ റീജിയണൽ എപ്പിഡെമിക് സെൽ, രാമപുരം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ രാമപുരത്ത് സംഘടിപ്പിച്ച മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. ആയുർവേദത്തെക്കുറിച്ചുള്ള അറിവ് കൂടുതൽ പേരിൽ ഇനിയും എത്തേണ്ടതുണ്ടെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, മനോജ് സി ജോർജ്, കെ കെ ശാന്താറാം, ലിസമ്മ മത്തച്ചൻ, സുശീല മനോജ്, ജയ്‌മോൻ മുടയാരത്ത്, റോബി തോമസ്, ഡോ പത്മനാഭൻ ഇ ജി, ഡോ ഹേമേഷ് പി ജോഷി എന്നിവർ പ്രസംഗിച്ചു.

ജനറൽ, ത്വക് രോഗചികിത്സ, വിഷചികിത്സ, സ്ത്രീ രോഗ ചികിത്സ, മാനസികരോഗ ചികിത്സ, ബാല രോഗ ചികിത്സ രംഗത്തെ വിദഗ്ദരായ ഡോക്ടർമാർ ക്യാമ്പിൽ പരിശോധനകൾ നടത്തി മരുന്നുകൾ വിതരണം ചെയ്തു.

കാപ്പൻ കുടുംബയോഗ വാർഷികം 15 ന്

പാലാ: കാപ്പൻ കുടുംബയോഗ വാർഷികം 15 ന് രാവിലെ 9 മുതൽ പാലാക്കാടുള്ള ഡിജോ കാപ്പന്റെ വസതിയിൽ നടക്കും.

പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. ഡോ സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മാണി സി കാപ്പൻ എം എൽ എ, ഫാ അഖിൽ എസ് കാപ്പൻ എന്നിവർക്കു സ്വീകരണം നൽകും. മേരി ജോസ്ഥ് ദീപം തെളിക്കും. ജോയി കാപ്പൻ അനുസ്മരണം നടത്തും. തങ്കച്ചൻ കാപ്പൻ അദ്ധ്യക്ഷത വഹിക്കും. ഫാ അഗസ്റ്റിൻ പാറപ്ലാക്കൽ, ഫാ ജോർജ് കാപ്പൻ, ഫാ ജോസഫ് കാപ്പൻ, പ്രൊഫ ജെ സി കാപ്പൻ, കെ സി ജോസഫ്, സിറിയക് തോമസ് കാപ്പൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സ്‌നേഹവിരുന്നും കലാപരിപാടികളും നടക്കും.

കരുതലിന്റെ മുഖമാണ് നഴ്‌സുമാർ: മാണി സി കാപ്പൻ

പാലാ: കോവിഡ് മഹാമാരി കാലത്ത് ലോകം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്സുമാരുടേതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ലോക നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചു പാലാ ജനറൽ ആശുപത്രിയിൽ നഴ്‌സുമാർക്കു ആശംസകൾ നേരാൻ എത്തിയതായിരുന്നു എം എൽ എ. കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ നഴ്‌സുമാർ പരിചരണത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും അർഥം സ്വന്തം ജീവിതം കൊണ്ട് ലോകത്തിന് കാണിച്ചു തന്നതായി മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

നഴ്‌സുമാർ അഭിമുഖീകരിക്കുന്ന കാഠിന്യമേറിയ ജീവിതാവസ്ഥകളെക്കുറിച്ച് ബോധവത്കരിക്കാനും അർഹിച്ച അംഗീകാരം നൽകാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കാനും നഴ്‌സസ് ദിനം നിമിത്തമാകട്ടെയെന്ന് എം എൽ എ പ്രത്യാശ പ്രകടിപ്പിച്ചു. നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ച് മാണി സി കാപ്പൻ എം എൽ എ മധുര പലഹാര വിതരണവും നടത്തി.

മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ആശുപത്രി ആർ എം ഒ ഡോ അരുൺ, ഡോ രാജേഷ്, ഡോ എഡ്വിൻ, നഴ്‌സുമാരായ പി പുഷ്പ, അൻസമ്മ, സുൽജിത, നിമ്മി സെബാസ്റ്റ്യൻ, ഒ ജി സിജിമോൾ, അനുപമ മാത്യു, എം അനുറാണി തുടങ്ങിയവർ പങ്കെടുത്തു.


കൃഷിയിൽ സ്വയം പര്യാപ്തത നേടണം: മാണി സി കാപ്പൻ

തലനാട്: കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ കൂട്ടായ പരിശ്രമത്തിലൂടെ സാധിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.

പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, എൻ ടി കുര്യൻ, വത്സമ്മ ഗോപിനാഥ്, ആശാ റിജു, രാഗിണി ശിവരാമൻ, എം എസ് ദിലീപ്, രോഹിണി ഭായി, ബിന്ദു, ചാൾസ്, സോണി, ഷമീല, സെബാസ്റ്റ്യൻ, റോബിൻ, സോളി ഷാജി, അശ്വതി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.