കോഴിക്കോട്: പുരസ്‌കാരം സമ്മാനിക്കാൻ വേദിയിലേക്ക് ക്ഷണിച്ച് വരുത്തിയ ശേഷം പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവം വിവാദം കൊടുമ്പിരി കോളുമ്പോൾ വിചിത്രമായ അവകാശവാദവുമായി പുതിയൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മക്കൾ ഇല്ലാത്ത യുവതികൾക്ക് കൂട്ടികൾ ഉണ്ടാവാൻ ശൈഖുന ( മുസ്ലിം പണ്ഡിതന്മാരെ ആദരവ് സൂചകമായി വിളിക്കുന്ന പേര് ) കഴിച്ചു കൊണ്ടിരുന്ന കോഴിക്കാലിന്റെ ബാക്കി നൽകിയതിനെ തുടർന്ന് കുട്ടികൾ ഉണ്ടായതായാണ് ഈ വീഡിയോയിൽ പറയുന്നത്.

അയാസന്നൂർ എന്ന സി എം വലിയുല്ലാഹി അനുസ്മരണ യൂട്യൂബ് പ്രഭാഷണത്തിലാണ് വിചിത്രമായ കഥ പറയുന്നത്. ഇത് സാമൂഹികമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ സുന്നി വിഭാഗം ഒഴികെ മുസ്ലിം മതത്തിലെ എല്ലാ വിഭാഗങ്ങളും ഈ സംഭവത്തെ തള്ളി കളയുകയാണ്. ആത്മീയ തട്ടിപ്പ് എന്നാണ് ഇത്തരം അവകാശവാദങ്ങളെ ഇവർ വിശേഷിപ്പിക്കുന്നത്.

വീഡിയോയിൽ പറയുന്ന കഥ ഇങ്ങനെ

കുന്നമംഗലത്തിന് അപ്പുറം അനപറയിൽ ഒരുക്കിയ വിരുന്നു സൽക്കാരത്തിലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് ശൈഖുന സി എം വലിയുല്ലാഹി. അപ്പോഴാണ് ഗൃഹനാഥനായ പിതാവ് മരുമകളെ കൊണ്ടുവന്നു പറഞ്ഞു. ഇരുപത് വർഷമായി കുട്ടികളില്ലാ എന്ന സങ്കടം ബോധ്യപ്പെടുത്തി. ശൈഖുന കോഴി കറിയിൽ നിന്നും എടുത്ത കോഴിക്കാൽ എടുത്തു വായിൽ ചവച്ച് കൊണ്ടിരിക്കുന്ന നേരത്താണ് കുട്ടികളില്ലാത്ത വിഷയം പിതാവ് അവതരിപ്പിച്ചത്.

സങ്കടം കേട്ട ശൈഖുനാ കഴിച്ചുകൊണ്ടിരുന്ന കോഴിക്കാലിന്റെ ബാക്കി പിതാവിന്റെ കയ്യിൽ കൊടുത്ത് പറഞ്ഞു. അവളോട് ഈ കോഴിക്കാല് തിന്നാൻ പറയൂ. അവൾക്ക് കുട്ടികൾ ഉണ്ടാകും. ( തുടർന്ന് സി എം വലിയുല്ലാഹി പ്രകീർത്തനമാണ് അവിടെ നടക്കുന്നത് ) തുടർന്ന് ആ വീട്ടുകാരൻ ആ കോഴിക്കാല് നേരെ മരുമകളുടെ കയ്യിൽ കൊടുത്തിട്ട് സിഎം വലിഹുള്ള തിന്നാൻ പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. ശൈഖുനാ കഴിച്ച് കോഴിക്കാൽ തിന്നാൽ കുട്ടികൾ ഉണ്ടാകുമെന്നും. 'കറാമത്തും ബർക്കത്തിലും' (അത്ഭുതങ്ങളും അനുഗ്രഹങ്ങളും) അത് സംഭവിക്കുമെന്ന് പറഞ്ഞ് മരുമകളോട് തിന്നാൻ ആവശ്യപ്പെട്ടു. ആ കോഴിക്കാൽ ബിസ്മി ചൊല്ലി യുവതി കഴിക്കുകയും ചെയ്തു. പത്ത് മാസം കഴിഞ്ഞപ്പോൾ മരുമകൾക്ക് കുട്ടിയുണ്ടാകുകയും ഇതിലൂടെ ആ വീട്ടുകാരൻ ആയ ഉമ്മർ മുത്തശ്ശൻ ആയി മാറുകയും ചെയ്തു.

ഇങ്ങനെയാണ് വീഡിയോയിൽ പ്രഭാഷകൻ അവകാശപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രചാരണമാണ് ലഭിച്ചത്. മുസ്ലിം സമൂഹത്തെ പൊതുസമൂഹത്തിനു മുന്നിൽ നാണം കെടുത്തുന്നത് ഇത്തരം പ്രഭാഷകർ ആണ് എന്നാണ് വിമർശനം.