ണ്ണവില കുത്തനെ ഉയരുകയും അതേസമയം ഓഹരി വിപണിയിൽ തകർച്ചയുണ്ടാവുകയും ചെയ്തതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന പദവി ആപ്പിളിൽ നിന്നും സൗദി ആരാംകോ തട്ടിയെടുത്തു. സൗദി അറേബ്യയുടെ ദേശീയ കമ്പനിയായ ആരാംകൊ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉദ്പാദകരാണ്.

അതിന്റെ ഓഹരി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ആരാംകോയ്ക്ക് നിശ്ചയിക്കപ്പെട്ട മൂല്യം 2.43 ട്രില്യൺ ഡോളറായിരുന്നു. അതേസമയം ഓഹരിമൂല്യത്തിൽ അഞ്ച് ശതമാനം ഇടിവുണ്ടായതിനെ തുടർന്ന് ആപ്പിളിന്റെ മൂല്യം 2.37 ട്രില്യൺ ഡോളറായി കുറഞ്ഞു.

ഈ വർഷത്തെ ആദ്യ പാദത്തിൽ കൂറ്റുതൽ മെച്ചപ്പെട്ട ലാഭം നേടാനായെങ്കിലും ആപ്പിളിന്റെ ഓഹരിമൂല്യം ക്രമമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ചൈനയിൽ തുടരുന്ന ലോക്ക്ഡൗണും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം 4 മുതൽ 8 ബില്യൺ ഡോളറിന്റെ വരുമാനക്കുറവ് പ്രതീക്ഷിക്കാം എന്ന മുന്നറിയിപ്പും കമ്പനി നൽകിയിട്ടുണ്ട്. അതേസമയം, യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യകത ഏറിയതോടെ ആരാംകോ എണ്ണ ഉദ്പാദനം വർദ്ധിപ്പിക്കുകയാണ്.

അടുത്തയിടെയാണ് ആരാംകോയുടെ ലാഭം കഴിഞ്ഞവർഷത്തിന്റെ ഇരട്ടിയിലേറെയായി ഉയർന്നെന്ന റിപ്പോർട്ടുകൾ വന്നത്. കോവിഡ് പ്രതിസന്ധിയിൽ നിന്നും ലോകം മെല്ലെ ഉണരാൻ തുടങ്ങിയതോടെ 2021-ൽ ആരാംകോയുടെ വരുമാനം 124 ശതമാനമായി ഉയർന്നിരുന്നു. 2020-ൽ 49.0 ബില്യൺ ഡോളർ അറ്റവരുമാനം നേടിയ കമ്പനിയുടെ 2021-ലെ വരുമാനം 110.0 ബില്യൺ ഡോളറായി ഉയർന്നു.

റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനു ശേഷം പാശ്ചാത്യ ശക്തികൾ റഷ്യയ്ക്കെതിരെ ഉപരോധമേർപ്പെടുത്തിയതോടെ എണ്ണ ഉദ്പാദനം വർദ്ധിപ്പിക്കാൻ സൗദി അറേബ്യക്ക് മേൽ കനത്ത സമ്മർദ്ദം ഉയരുന്നുമുണ്ട്.