ബെംഗളൂരു : പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നോട്ടീസുകൾ മാത്രമല്ല പരിസ്ഥിതി സംരക്ഷണ നിയമം-1986 സെക്ഷൻ 15 പ്രകാരം കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് .

കഴിഞ്ഞ വർഷം നിയമം ലംഘിച്ചതിന് 57 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. കേസ് എടുത്തവയിൽ ബാറുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്കൊപ്പം മസ്ജിദുകളും ക്ഷേത്രങ്ങളും പോലുള്ള ആരാധനാലയങ്ങളും ഉൾപ്പെടുന്നു. ഇത് കൂടുതൽ ശക്തമാക്കാനാണ് പൊലീസ് നീക്കം .

പൊതുസ്ഥലങ്ങളിൽ നിയമം ലംഘിച്ചു ആര് ഉച്ചഭാഷിണി ഉപയോഗിച്ചാലും അവർക്കെതിരെ കേസ് എടുക്കുന്നതിൽ വിട്ടുവീഴ്ച പ്രതീക്ഷിക്കരുതന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ, നിയമലംഘകർക്ക് അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. നേരത്തെ രജിസ്റ്റർ ചെയ്ത 57 കേസുകളിൽ, 34 എണ്ണം പൊലീസ് സ്‌പെഷ്യൽ ഡ്രൈവുകളിൽ കണ്ടെത്തി സ്വമേധയാ കേസെടുക്കുകയായിരുന്നു. 23 എണ്ണം പൊതുജനങ്ങൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലുമാണ്.