ഗുരുവായൂർ: ഗുരുവായൂർ ആനക്കോട്ടയ്ക്കു സമീപം വൻ സ്വർണമോഷണം. തമ്പുരാൻപടിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 2.67 കിലോ സ്വർണം മോഷണം പോയി. വീട്ടുകാർ സിനിമയ്ക്കു പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളൻ 2.67 കിലോ സ്വർണവും 2 ലക്ഷം രൂപയും കവർന്നു രക്ഷപ്പെടുക ആയിരുന്നു. ഒരു കോടി 40 ലക്ഷത്തോളം രൂപയുടെ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. തമ്പുരാൻപടി 'അശ്വതി' കുരഞ്ഞിയൂർ കെ.വി. ബാലന്റെ വീട്ടിൽ വ്യാഴം രാത്രി 7.30നാണ് കവർച്ച നടന്നത്.

വീട്ടുകാർ ആരുമില്ലാതിരുന്ന തക്കം നോക്കി എത്തിയ കള്ളൻ സ്വർണവും പണവുമായി രക്ഷപ്പെടുക ആയിരുന്നു. മതിൽ ചാടിയെത്തിയ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. വീട്ടിലെ സ്വർണത്തെക്കുറിച്ച് അറിവുള്ള ആരോ ആണു മോഷണത്തിനു പിന്നിലെന്നു സംശയമുണ്ട്. ബാലനും ഭാര്യ രുഗ്മിണിയും പേരക്കുട്ടി അർജുനും ഡ്രൈവർ ബ്രിജുവും ഉച്ചയ്ക്ക് 2.30 ന് തൃശൂരിൽ 'സിബിഐ 5' സിനിമ കാണാൻ പോയിരുന്നു. വീട്ടിൽ തോട്ടത്തിൽ ജോലി ചെയ്തിരുന്നയാൾ അഞ്ച് മണിയോടെ ഗേറ്റ് പൂട്ടി പോകുകയും ചെയ്തു.

സിനിമയ്ക്കു ശേഷം ഭക്ഷണം കഴിച്ച് അർജുനെ മുണ്ടൂരിൽ മകളുടെ വീട്ടിൽ ഇറക്കി ബാലനും കുടുംബവും രാത്രി 9.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുൻവശത്തെ വാതിൽ അകത്തുനിന്ന് കുറ്റി ഇട്ടതായി കണ്ടു. പിന്നിൽ ഒന്നാം നിലയിലെ വാതിൽ തുറക്കാനെത്തിയപ്പോൾ അതു കുത്തിപ്പൊളിച്ച നിലയിലായിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് താഴത്തെ നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാര പൊളിച്ച് ഉള്ളിലെ പൂട്ടു തകർത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും രൂപയും കവരുകയായിരുന്നു.

ഒരു കിലോയുടെ 2 സ്വർണ ബാറുകൾ, 116.64 ഗ്രാം വീതം തൂക്കമുള്ള 3 സ്വർണ ബിസ്‌കറ്റുകൾ, വള, മാല, നെക്ലസുകൾ, 40 പവന്റെ സ്വർണം എന്നിവയടക്കം 2.67 കിലോ സ്വർണമാണു കവർന്നത്. 40 വർഷത്തോളം ദുബായിൽ സ്വർണവ്യാപാരം നടത്തിയിരുന്ന ബാലന്റെ ആയുഷ്‌കാല സമ്പാദ്യമാണു നഷ്ടമായത്. വീട്ടിലെ മറ്റു മുറികളോ അലമാരകളോ തുറക്കാൻ ശ്രമിക്കാത്തതിനാൽ വീട്ടില്ലെ സ്വർണത്തെ കുറിച്ച് അറിവുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ ബലമായ സംശയം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.