- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിവാഹിതനും കോടീശ്വരനും ചമഞ്ഞ് ഉന്നതരായ സ്ത്രീകളെ വലയിൽ വീഴ്ത്തും; കല്ല്യാണം ആലോചിച്ച് വലയിലാക്കിയ ശേഷം ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങും; കെണിയിൽ വീണത് 100ൽ അധികം യുവതികൾ: രാജ്യത്തുടനീളം കല്ല്യാണ തട്ടിപ്പ് നടത്തിയ 35കാരൻ കുടുങ്ങിയത് എയിംസിലെ ഡോക്ടറുടെ പരാതിയിൽ
ന്യൂഡൽഹി: മാട്രിമോണിയൽ സൈറ്റുകൾ വഴി ഉന്നതരയാ സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി വലയിൽ വീഴ്‌ത്തിയ ശേഷം ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങുന്ന യുവാവ് പൊലീസ് പിടിയിലായി. ഒഡിഷ സ്വദേശിയായ ഫർഹാൻ തസീർ ഖാൻ (35) ആണ് സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ചിൽ പിടിയിലായത്. രാജ്യത്തുടനീളം നിരവധി സ്ത്രീകളാണ് ഇയാളുടെ കല്ല്യാണ കെണിയിൽ വീണത്. അവിവാഹിതനും അനാഥനും കോടീശ്വരനും ചമഞ്ഞാണ് ഇയാൾ സ്ത്രീകളെ കെണിയിൽ വീഴ്‌ത്തിയിരുന്നത്. ശേഷം സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്ത് മുങ്ങുകയാണ് പതിവ്.
ഇയാളുടെ തട്ടിപ്പിന് ഇരയായ ഡൽഹി എയിംസിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റെന്നു പൊലീസ് അറിയിച്ചു. ഡോക്ടറെ സംസാരത്തിലൂടെ വലയിലാക്കിയ ഇയാൾ 15 ലക്ഷം രൂപയാണ് പലപ്പോഴായി തട്ടിയെടുത്തത്. മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട ഫർഹാൻ താൻ അവിവാഹിതനും അനാഥനുമാണെന്നാണു ഡോക്ടറെ വിശ്വസിപ്പിച്ചത്. എൻജിനീയറിങ്ങും എംബിഎയും വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും ബിസിനസ് ചെയ്യുകയാണെന്നും പറഞ്ഞാണ് ചതിയിൽ വീഴ്‌ത്തിയത്. ഡോക്ടറെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പണം ആവശ്യപ്പെട്ടു. ഇയാളുടെ കെണിയിൽ വീണ ഡോക്ടർ പലതവണയായി 15 ലക്ഷം രൂപയാണ് ഫർഹാന് നൽകിയത്. പണം കൈപ്പറ്റിയതിന് പിന്നാലെ ഇയാൾ മുങ്ങുകയും ചെയ്തു. ഇതോടെയാണ് ഡോക്ടർ പരാതിയുമായി രംഗത്ത് എത്തിയത്.
ഡോക്ടറുടെ പരാതിയിൽ അന്വേഷണം തുടങ്ങിയപ്പോഴാണ് ഇയാൾ നടത്തിപ്പോന്ന വൻ കല്ല്യാണത്തട്ടിപ്പിനെ കുറിച്ച് പൊലീസിന് മനസ്സിലായത്. മാട്രിമോണിയൽ സൈറ്റിൽ ഫർഹാൻ നിരവധി ഐഡികൾ തയാറാക്കി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തി. ഈ ഐഡികളിലൂടെ വിവിധ സംസ്ഥാനങ്ങളിലെ നല്ല കുടുംബങ്ങളിൽപ്പെട്ട യുവതികളെ ഇയാൾ വലയിൽ വീഴ്‌ത്തുക ആയിരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, ഗുജറാത്ത്, ഡൽഹി, പഞ്ചാബ്, മുംബൈ, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകളുമായും ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നതായി വെളിപ്പെട്ടെന്നു ഡപ്യൂട്ടി കമ്മിഷണർ ബെനിത മേരി ജയ്ക്കർ പറഞ്ഞു.
വിവിഐപി റജിസ്‌ട്രേഷൻ നമ്പരുള്ള ആഡംബര കാർ സ്വന്തമാണെന്നു ധരിപ്പിച്ചാണ് ഇയാൾ സ്ത്രീകളെ വശീകരിക്കുക. ഇട്ടു മൂടാനുള്ള സ്വത്തുണ്ടെന്നും ഇയാൾ സ്ത്രീഖെ പറഞ്ഞു വിശ്വസിപ്പിച്ചു. തന്റെ സ്വന്തമാണെന്ന് ഇരകളെ വിശ്വസിപ്പിച്ചിരുന്നതു ബന്ധുവിന്റെ കാറായിരുന്നു. നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്കു യാത്ര ചെയ്യുന്ന ഫർഹാൻ, വിഡിയോ കോൾ ചെയ്ത്, ആഡംബര ചുറ്റുപാടുകൾ കാണിച്ചു താൻ പണക്കാരനാണെന്നു സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. പ്രതിവർഷം 30-40 ലക്ഷം രൂപ സമ്പാദ്യമുണ്ടെന്നാണു പറഞ്ഞിരുന്നത്.
യഥാർഥത്തിൽ, വിവാഹിതനായ ഇയാൾക്കു മൂന്നു വയസ്സുള്ള മകളുണ്ട്. പിതാവും സഹോദരിയുമുണ്ട്. എന്നാൽ, മാതാപിതാക്കൾ വാഹനാപകടത്തിൽ മരിച്ചെന്നാണ് ഇയാളുടെ പതിവുവാചകം. മൊബൈൽ ഫോൺ, 4 സിം കാർഡ്, കാർ, 9 എടിഎം കാർഡ്, വാച്ച് എന്നിവ ഇയാളിൽനിന്നു പിടിച്ചെടുത്തു. കൊൽക്കത്തയിലായിരുന്ന ഇയാളെ പിന്തുടർന്ന പൊലീസിനു ഡൽഹിയിലെ ഹോട്ടലിൽവച്ചാണ് അറസ്റ്റ് ചെയ്യാനായത്.
മറുനാടന് മലയാളി ബ്യൂറോ