കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായ നെയ്യാട്ടം ഞായറാഴ്ച നടക്കും. വയനാട്ടിലെ മുതിരേരി കാവിൽനിന്നുള്ള വാൾ എഴുന്നള്ളത്ത് ഞായറാഴ്ച സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തും. വാൾ ഇക്കരെ ക്ഷേത്രസന്നിധിയിൽ എത്തിയാലുടൻ നെയ്യമൃത് വ്രതക്കാർ അക്കരെ പ്രവേശിക്കും.

മറ്റു ചടങ്ങുകൾക്കുശേഷം സ്ഥാനിക ബ്രാഹ്മണർ ചേർന്ന് അഷ്ടബന്ധം നീക്കി സ്വയംഭൂവിൽ നെയ്യഭിഷേകം നടക്കും. തിങ്കളാഴ്ച രാത്രി മണത്തണ കരിമ്പന ഗോപുരത്തിൽനിന്ന് ഭണ്ഡാരം എഴുന്നള്ളത്ത് നടക്കും. കരിമ്പന ഗോപുരത്തിന്റെ നിലവറകളിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വർണ, വെള്ളി പാത്രങ്ങളും ഭണ്ഡാരങ്ങളും സന്ധ്യയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും.

അമ്മാറയ്ക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയ കുടകൾ സ്ഥാനികർ കൊട്ടിയൂരിലെത്തിക്കും. മെയ്‌ 21-നാണ് തിരുവോണം ആരാധന. ഇളനീർവെപ്പും ശനിയാഴ്ച രാത്രി നടക്കും. 22-ന് ഞായറാഴ്ചയാണ് പ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം.