ബാങ്കോക്ക്: തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യൻ ബാഡ്മിന്റൺ ടീമിനെ അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വരുന്നത്. മഹത്തരമായ നേട്ടമെന്ന് ഇന്ത്യയുടെ ചീഫ് കോച്ച് പുല്ലേല ഗോപിചന്ദ് പ്രതികരിച്ചു.

''വിസ്മയിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. 1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ജയിച്ചതുപോലെയായിരുന്നത്. അല്ലെങ്കിൽ അതിനേക്കാൾ വലിയ നേട്ടമെന്ന് പറയാം'', പുല്ലേല ഗോപിചന്ദ് പറയുന്നു.

''ബാഡ്മിന്റൺ ചരിത്രത്തിൽ വലിയ പാരമ്പര്യം അവകാശപ്പെടാനുണ്ട് ഇന്തോനേഷ്യക്ക്. തോമസ് കപ്പിലും അങ്ങനെ തന്നെ. അവരെ തോൽപ്പിക്കുകയെന്നത് ഇന്ത്യ ഉയർന്ന തലത്തിലെത്തിയെന്നാണ്. അടുത്തകാലം വരെ വനിതാ വിഭാഗത്തിൽ സൈന നേവാൾ, പി സിന്ധു എന്നിവരിലൂടെ മാത്രമായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. എന്നാലിപ്പോൾ പുരുഷ താരങ്ങളും മികവ് കാണിക്കുന്നു.

ഈ നേട്ടം ഒരുപാട് പേർക്ക് പ്രചോദനമാകുമെന്നാണ് ഞാൻ കരുതുന്നത്. ഒരുപാട് കുട്ടികളെ ബാഡ്മിന്റണിലേക്ക് കൊണ്ടുവരാൻ ഈ നേട്ടം ഉപകരിക്കും. അടുത്തകാലത്ത് ഇത്തരത്തിൽ ഒരുപാട് ബാഡ്മിന്റൺ രംഗത്തേക്ക് വരുന്നത് ഞാൻ കണ്ടിരുന്നു. രാജ്യത്ത് ഒരുപാട് അക്കാദമികൾ ഉയർന്നുവരുന്നുണ്ട്. ഒരുപാട് യുവതാരങ്ങളെ ഉയർത്തികൊണ്ടുവരാൻ അക്കാദമികൾക്ക് സാധിക്കും.'' ഗോപിചന്ദ് പറഞ്ഞു.

ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ ഇതിനുവേണ്ടി പ്രയത്നിക്കുമെന്നും വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം കൂട്ടിചേർത്തു. പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അസോസിയേഷനും അദ്ദേഹം നന്ദി പറഞ്ഞു.

14 കിരീടങ്ങൾ നേടിയിട്ടുള്ള കരുത്തരായ ഇന്തോനേഷ്യയെ ഇന്ത്യ അട്ടിമറിക്കുകയായിരുന്നു. ഫൈനലിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. സിംഗിൾസിൽ ലക്ഷ്യ സെനും കിഡാംബി ശ്രീകാന്തും വിജയിച്ചപ്പോൾ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി.