കൊച്ചി: സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കൺവീനറായി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ മുൻ സംസ്ഥാന ചെയർമാനും ഇൻഫാം ദേശീയ സെക്രട്ടറി ജനറലുമാണ് സെബാസ്റ്റ്യൻ. മെയ് 21 ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ദക്ഷിണേന്ത്യൻ കർഷകനേതാക്കളുടെ സമ്മേളനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനർ ശിവകുമാർ കക്കാജി (മധ്യപ്രദേശ്), ജഗദീഷ് സിങ് ധന്യലവാൻ (പഞ്ചാബ്) എന്നിവരും ഡൽഹി കർഷക പ്രക്ഷോഭ നേതാക്കളും പങ്കെടുക്കും.

പ്രമുഖ കർഷക സംഘടനാ നേതാക്കളായ കെ.ശാന്തകുമാർ (കർണ്ണാടക), ദേവശിഖാമണി (തമിഴ്‌നാട്), പി.നരസിംഹനായിഡു (തെലുങ്കാന), ദശരഥറെഢി (ആന്ധ്ര), പി ടി ജോൺ, അഡ്വ. ജോൺ ജോസഫ് (കേരള) എന്നിവരാണ് സൗത്ത് ഇന്ത്യയുടെ മറ്റു ഭാരവാഹികൾ.

21ന് രാവിലെ 10ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാനതല കർഷക മത്സ്യത്തൊഴിലാളി സംയുക്ത പ്രക്ഷോഭധർണ്ണയും തുടർന്ന് നേതൃസമ്മേളനവും ഉച്ചകഴിഞ്ഞ് 2.30ന് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ റാലിയും സമ്മേളനവും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനർ ശിവകുമാർ കക്കാജി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ കർഷകരും മത്സ്യത്തൊഴിലാളികളും ഒരുമിച്ചു ചേർന്ന് നിലനില്പിനായുള്ള ജീവപോരാട്ടത്തിന് പുതിയ സമരമുഖം ചരിത്രത്തിലാദ്യമായി കേരളത്തിൽ തുറക്കുമെന്നും കർഷകരും കർഷകപ്രസ്ഥാനങ്ങളും തൊഴിലാളികളും സംഘടിച്ച് നീങ്ങേണ്ടത് അടിയന്തരമാണെന്നും ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് എന്നിവർ പറഞ്ഞു.