ആലപ്പുഴ: ആലപ്പുഴ കരീലക്കുളങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയും, എൽ.എസ്.ഡിയുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടിൽ സക്കീർ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ലാവിൽ മുനീർ (25) എന്നിവരാണ് പിടിയിലായത്. പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും രാമപുരം എൽപി സ്‌കൂളിന് മുൻവശം നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 90 ഗ്രാം എം.ഡി.എം.എയും 10 എൽ.എസ്.ഡി സ്റ്റാമ്പും പൊലീസ് പിടിച്ചെടുത്തു.

സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എം.ഡി.എം.എ, എൽ.എസ്.ഡി എന്നിവ മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികെയാണ് യുവാക്കാൾ പിടിയിലാകുന്നത്.

സക്കീർ ജില്ലയിലെ പല സ്റ്റേഷനുകളിലായി 11 ഓളം അടിപിടി, പിടിച്ചുപറി, മയക്കുമരുന്ന്, മോഷണം, ക്രിമിനൽ കേസുകളിലും കായംകുളം മജിസ്‌ട്രേറ്റിന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷണം ചെയ്ത കേസിലും പ്രതിയാണ്. മുനിർ അടിപിടി, പിടിച്ചുപറി, മോഷണം മയക്കുമരുന്ന് കച്ചവടം എന്നിവയിലും പ്രതിയാണ്.

പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും പ്രതികൾക്ക് ലഹരിവസ്തുലഭിച്ച ഉറവിടത്തെ പറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെകുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും, വരുംദിവസങ്ങളിലും ശക്തമായപരിശോധനകൾനടത്തുമെന്നും ഇൻപെക്ടർ പറഞ്ഞു.

കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻസംഘങ്ങൾ, കോളേജ് വിദ്യാർത്ഥികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും ഇവർ വില്പന നടത്താറുള്ളത്. എം.ഡി.എം .എ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 5000 രൂപയ്ക്കാണ് ആവശ്യക്കാർക്ക് നൽകാറുള്ളത്. എൽ.എസ്.ഡി ഒരെണ്ണം 2000 രൂപയ്ക്കാണ് വാങ്ങുന്നത്. അതിൽ നാലിൽ ഒരു ഭാഗം 2500 രൂപയ്ക്ക് വിൽക്കും. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയിൽ 4.5 ലക്ഷത്തോളം രൂപയും, എൽ.എസ്.ഡിക്ക് ഒരുലക്ഷം രൂപയും വിലവരും.