- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വോട്ടെടുപ്പ് കഴിഞ്ഞു; ഫലമറിയാൻ ഇനി മണിക്കൂറുകൾ; മുന്നണികളെ മുൾമുനയിലാക്കി മുഴപ്പിലങ്ങാടും നീർവേലിയും

കണ്ണൂർ: ജില്ലയിലെ അഞ്ച് തദ്ദേശവാർഡുകളിലെ വിധി നാളെ പ്രഖ്യാപിക്കാനിരിക്കെ മുഴപ്പിലങ്ങാട്, നീർവേലി വാർഡുകളിലെ ഫലത്തെ കുറിച്ചു മുന്നണികൾക്ക് ആശങ്ക. കണ്ണൂർ കോർപറേഷനിലെ കക്കാട്(വാർഡ് 10)പയ്യന്നൂർ നഗരസഭയിലെ മുതിയലം(9) കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (9) മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കെകുന്നുമ്പ്രം(6) മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി(5) എന്നിവടങ്ങളിലാണ് ഇന്ന് രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് നടന്നത്.
ഇതിൽ വാശിയേറിയ പോരാട്ടം നടക്കുന്ന വാർഡുകൾ തെക്കെകുന്നുമ്പ്രവും നീർവേലിയുമാണ്. രാവിലെ ഉപതെരഞ്ഞെടുപ്പിനെ പ്രതികൂല കാലാവസ്ഥ ബാധിച്ചിരുന്നുവെങ്കിലും മഴയൽപ്പം വിട്ടു നിന്നപ്പോൾ ബൂത്തുകൾ സജീവമായി. ശക്തമായ ത്രികോണമത്സരം നടന്ന തെക്കെകുന്നുമ്പ്രത്തെ വിജയം മുഴപ്പിലങ്ങാട് ഭരണചക്രം തിരിക്കുന്നത് ആരെന്ന് തീരുമാനിക്കും.
ആകെയുള്ള 15 വാർഡുകളിൽ എൽ.ഡി. എഫ്(5) യു.ഡി. എഫ് (5) എസ്.ഡി. പി. ഐ(4) എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില. നിലവിൽ പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി. എഫിലെ രാജാമണി അഴിമതി ആരോപണത്തെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, രാഹുൽ മാങ്കൂട്ടത്തിൽ,വി.ടി ബലറാം എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ കളത്തിലിറങ്ങിയ മുഴപ്പിലങ്ങാട് ഭരണം തിരിച്ചുപിടിക്കുകയെന്നത് യു.ഡി. എഫിന് അനിവാര്യമാണ്. ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് ഏകോപനംനിർവഹിച്ചത്. എന്നാൽ മുഴപ്പിലങ്ങാട്ടെ എൽ. ഡി. എഫ് ഭരണം നിലനിർത്തേണ്ടത് സി.പി. എമ്മിനെ സംബന്ധിച്ചു അഭിമാനപോരാട്ടങ്ങളിലൊന്നാണ്.
ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ പാർട്ടി സംഘടനാശക്തി മുഴുവൻ ഉപയോഗിച്ചാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. മത്സരത്തിലെ വീറും വാശിയും വോട്ടെടുപ്പിലും പ്രകടമായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ 55 ശതമാനം പോളിങ് ഇവിടെ രേഖപ്പെടുത്തി.സി.പി. എം വർഗീയതക്കെതിരെ ജീവൻകൊടുത്തു രക്തസാക്ഷിയായി വിശേഷിപ്പിക്കുന്ന യു.കെ കുഞ്ഞിരാമന്റെ നാടു ഉൾപ്പെടുന്ന മെരുവമ്പായി ഉൾപ്പെടുന്ന വാർഡാണ് നീർവേലി. ഇവിടെ ബിജെപിയുടെസിറ്റിങ് സീറ്റിലേക്കാണ് വീണ്ടും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നീർവേലി യു.പി സ്‌കൂളിലായിരുന്നു വോട്ടെടുപ്പ്. സി.പി. എമ്മിന്റെ ചുവന്ന കോട്ടയായ മാങ്ങാട്ടിടം പഞ്ചായത്തിൽ ബിജെപിക്ക് ഏക പ്രാതിനിധ്യമുള്ള വാർഡുകളിലൊന്നാണിത്.കഴിഞ്ഞ തവണ 73 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ബിജെപിയിലെ സി.കെ ഷീനവിജയിച്ചത്. ഇവരുടെ അകാലവിയോഗത്തോടെയാണ് ഉപതെരഞ്ഞെടുപ്പുവേണ്ടി വന്നത്.
ഇക്കുറി ബിജു ഒറേക്കണ്ടി( എൻ.ഡി. എ) കെ. സുരേഷ് കുമാർ( എൽ.ഡി. എഫ്) എംപി മമ്മൂട്ടി(യു.ഡി. എഫ്) ആഷീർ ( എസ്.ഡി. പി. ഐ) എന്നിങ്ങനെ നാലുപേരാണ് മത്സരിക്കുന്നത്.യു.ഡി. എഫിന് മുൻതൂക്കമുള്ള കണ്ണൂർ കോർപറേഷനിലെ കക്കാട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ പോളിങ് കൂടി. കഴിഞ്ഞ തവണ 65 ശതമാനമായിരുന്നുവെങ്കിൽ ഇക്കുറി 69.83 ശതമാനമായി പോളിങ് ഉയർന്നിട്ടുണ്ട്. ഒന്നാം ബൂത്തിൽ 829 പേരും രണ്ടാം ബൂത്തിൽ 978 പേരും ഇവിടെ വോട്ടുചെയ്തിട്ടുണ്ട്.


