തലശേരി: പാനൂരിനടുത്ത് കുന്നോത്ത് പറമ്പിൽ പട്ടാപ്പകൽ സി.പി. എംപ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം കോൺഗ്രസുകാരന്റെ വീടും വാഹനവും തകർത്തു. കുന്നോത്ത് പറമ്പിലെ പൊയിൽ പീടികക്കടുത്ത് കോൺഗ്രസ്സ് പ്രവർത്തകനും മത്സ്യവ്യാപാരിയുമായ കുന്നുമ്മൽ ഷാജിയുടെ വീടും മഹീന്ദ്ര ഗുഡ്സ് വാഹനവുമാണ് അക്രമിക്കപ്പെട്ടത്.

മത്സ്യവ്യാപാരം കഴിഞ്ഞ് ഉച്ചയോടെ ഷാജി മടങ്ങിയെത്തിയ സമയത്താണ് അക്രമിസംഘം എത്തിയത്. അക്രമികളെ കണ്ട് വീടിനകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. ഷാജിയുടെ ഭാര്യയെയും മക്കളെയും അക്രമികൾ വാൾ വീശി ഭീഷണിപ്പെടുത്തി. ബോധരഹിതയായ ഭാര്യയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് സി.പി. എം നടത്തുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ച ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, ജനറൽ സെക്രട്ടറി കെ.പി.സാജു എന്നിവർ പറഞ്ഞു. പട്ടാപ്പകൽ പൊതു ജനം കാൺകെ നടത്തിയ അക്രമികൾക്കെതിരെ കർശന നിലപാടുകൾ പൊലീസ് സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ടി.സി.കുഞ്ഞിരാമൻ, പി.പി പ്രജീഷ് എന്നിവരും നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.