- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീർവേലിയിലും മുഴപ്പിലങ്ങാടും പരസ്പരം വോട്ടുമറിച്ചു; കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ഒത്തുകളിയെന്ന് മാർട്ടിൻ ജോർജ്

കണ്ണൂർ: ജില്ലയിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൃത്യമായ ധാരണയാണ് തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ പകൽ പോലെ വ്യക്തമായതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡിൽ ബിജെപിയെ സിപിഎം സഹായിച്ചപ്പോൾ മുഴുപ്പിലങ്ങാട് സിപിഎമ്മിന് ഭരണം നഷ്ടമാകാതിരിക്കാൻ ബിജെപി തിരിച്ചു സഹായിച്ചു. വോട്ടിങ് കണക്കുകൾ പരിശോധിച്ചാൽ ഒത്തുകളി ആർക്കും ബോധ്യപ്പെടും.
നീർവേലിയിൽ 2020ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 583 വോട്ടാണ് ലഭിച്ചതെങ്കിൽ ഉപ തെ രെഞ്ഞെടുപ്പിൽ 615 വോട്ടാണ് ലഭിച്ചത്. അതേ സമയം സിപിഎമ്മിന് 2020ൽ 299 വോട്ട് ലഭിച്ച സ്ഥാനത്ത് ഇക്കുറി 201 വോട്ട് മാത്രമാണ് നേടാനായത്. കോൺഗ്രസിനും എസ്ഡിപിഐക്കും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാളും വോട്ടുകൾ വർദ്ധിക്കുകയും ചെയ്തു.
കോൺഗ്രസിന് 2020ൽ 443 വോട്ടാണ് ലഭിച്ചതെങ്കിൽ ഇത്തവണ 525 വോട്ട് ലഭിച്ചു. എസ്ഡിപിഐക്കും വോട്ട് വർധിച്ചു. ബിജെപിക്ക് വേണ്ടി സിപിഎം വോട്ട് മറിച്ചതാണ് സിപിഎമ്മിന് വോട്ട് കുറയാൻ കാരണം. നീർവേലിയിലേതിനു പ്രത്യുപകാരമായാണ് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാർഡായ തെക്കേകുന്നുമ്പ്രത്ത് ബിജെപി സിപിഎമ്മിന് വോട്ടുമറിച്ചത്.
2020ൽ ബിജെപിക്ക് 141 വോട്ടാണ് ലഭിച്ചതെങ്കിൽ ഇപ്പോൾ കിട്ടിയത് വെറും 36 വോട്ടാണ്. ബിജെപി വോട്ടു മറിച്ചതു കൊണ്ടു മാത്രമാണ് ഇവിടെ സിപിഎം സ്ഥാനാർത്ഥി വിജയിച്ചത്.ബിജെപിയെയും ആർഎസ്എസിനേയും എതിർക്കാൻ സിപിഎമ്മേയുള്ളൂവെന്ന് കവലപ്രസംഗം നടത്തി ഇനിയും ആളുകളെ പറ്റിക്കാമെന്ന് സിപിഎം നേതൃത്വം കരുതേണ്ട. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലടക്കം ബിജെപിയുമായി വോട്ടുധാരണയുണ്ടാക്കുന്ന സിപിഎമ്മിന്റെ തനിനിറം പൊതുസമൂഹം മനസിലാക്കിക്കഴിഞ്ഞു.
സിപിഎം-ബിജെപി കൂട്ടുകെട്ടിനിടയിലും യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച പ്രകടനമാണ് ഉപതെരഞ്ഞെടുപ്പിൽ കാഴ്ചവെച്ചത്. കണ്ണൂർ കോർപറേഷനിലെ കക്കാട് ഡിവിഷനിൽ വർധിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫിന് ഉജ്ജ്വലവിജയം സമ്മാനിച്ച വോട്ടർമാരെ അഡ്വ: മാർട്ടിൻ ജോർജ്ജ് അഭിനന്ദിച്ചു.


