തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ജന്റം എ സി ലോ ഫ്‌ളോർ ബസുകൾ സ്‌ക്രാപ്പ് ചെയ്യുന്നു. ഹൈക്കോടതി നിർദ്ദേശാനുസരണം ആണ് തീരുമാനം. തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണമാണ് 10 സ്‌ക്രാപ്പ് ചെയ്യുന്നത്.

2018 മുതൽ 28 ലോ ഫ്‌ളോർ എ.സി ബസുകൾ തേവര യാർഡിൽ കിടന്നിരുന്നത് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച് കെഎസ്ആർടിസി നിയോഗിച്ച കമ്മിറ്റി പരിശോധിക്കുകയും, അതിൽ 10 എണ്ണം സ്‌ക്രാപ്പ് ചെയ്യുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇത് ആദ്യമായിട്ടാണ് ലോ ഫ്‌ളോർ ബസ് സ്‌ക്രാപ്പ് ചെയ്യാൻ തീരുമാനിക്കുന്നത്. ഈ വാഹനങ്ങൾ ഡിമാന്റ് വരുമ്പോൾ റിപ്പയർ ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു മാനേജ്‌മെന്റ് എടുത്തിരുന്ന നിലപാട്. എന്നാൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഇങ്ങനെ യാർഡിൽ സൂക്ഷിക്കാതെ കൂടുതൽ വില ലഭിക്കുന്ന രീതിയിൽ ഇത് വിറ്റ് കൂടെ എന്ന് ചോദിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി വിദഗ്ധ സമിതിയെ നിയോഗിക്കുകയും, അവർ പരിശോധിച്ച് 28 ൽ 10 എണ്ണം സ്‌ക്രാപ്പ് ചെയ്യാനും, ബാക്കിയുള്ളവ ഉപയോഗിക്കാനും നിർദ്ദേശം നൽകിയത്.

കെഎസ്ആർടിസി എഞ്ചിനീയർമാരെ കൂടാതെ മോട്ടോർ വാഹന വകുപ്പ്, തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളേജ്, എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതി 28 ബസുകൾ പരിശോധിച്ചു. ആയതിൽ അറ്റകുറ്റപണിക്ക് വർദ്ധിച്ച ചെലവ് വരുന്ന 10 ബസ്സുകൾ സ്‌ക്രാപ്പ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. ഈ ബസ്സുകൾ 2018 മുതൽ -2020 കാലയളവിൽ ബ്രേക്ക് ഡൗൺ ആകുകയും, അന്ന് മുതൽ ഓടാതെ കിടക്കുന്നവയുമാണ്, ഈ ബസ്സുകൾക്ക് കുറഞ്ഞത് 21ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപയും ചിലവഴിച്ചാലെ നിരത്തിലിറക്കാനാകുകയുള്ളൂവെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ ഇനത്തിൽ ആകെ മൂന്നരക്കോടി രൂപ ഈ 10 ബസ്സുകൾ നിരത്തിലിറക്കണമെങ്കിൽ ചിലവഴിക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ മൂന്നര കോടി ചിലവഴിച്ചാൽ തന്നെ നിലവിലെ ഡീസൽ വിലയിൽ കുറഞ്ഞ മൈലേജുള്ള ഈ ബസ്സുകൾ ലാഭകരമായി സർവ്വീസ് നടത്താൻ കഴിയാത്ത സാഹചര്യമാണ്. കൂടാതെ ദീർഘ ദൂര സർവ്വീസിന് ഉപയോഗിക്കാൻ കഴിയുന്ന സീറ്റുകളല്ല ഈ ബസ്സുകൾക്കുള്ളത്. ഇക്കാരണങ്ങളാലും ഫിറ്റ്‌നസ് സർഫിക്കറ്റ് ലഭിക്കുന്നത് ഉൾപ്പെടെയുള്ള വർദ്ധിച്ച ചിലവും, 11 വർഷത്തിലധികം കാലപ്പഴക്കവും പരിഗണിച്ചാണ് സ്‌ക്രാപ്പ് ചെയ്യാൻ തീരുമാനിച്ചത്.

കെഎസ്ആർടിസിക്ക് പരിമിത എണ്ണം എ.സി ബസുകൾ മാത്രമാണ് ഉള്ളത്. ഈ ബസുകൾ സീറ്റിന്റെ പ്രശ്‌നവും, മൈലേജിന്റെ കാര്യവും ഒഴിച്ചാൽ എഞ്ചിൻ ഉൾപ്പെടെയുള്ളവ മറ്റുള്ള ബസുകളെക്കാൾ എല്ലാത്തലത്തിലും ഉന്നത നിലവാരം പുലർത്തുന്നവയുമാണ്.അതുകൊണ്ടാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഇത് റിപ്പയർ ചെയ്യാമെന്ന് കരുതി നിലനിർത്തിയിരുന്നത്. ഹൈക്കോടതിയുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് മേൽ പ്രതിപാദിച്ച വിദഗ്ധ സമിതിയെ നിയമിച്ച് പരിശോധന നടത്തിയത്.

ഇതിന്റെ എഞ്ചിനും, മറ്റ് ഉപയോഗ യോഗ്യമായ പാർട്‌സും ഇളക്കിയെടുത്ത് അറ്റകുറ്റപ്പണികൾക്കായി സൂക്ഷിച്ചിട്ടുള്ള ശേഷിക്കുന്ന 18 ബസുകളിൽ ഉപയോഗപ്പെടുത്തിയാൽ ഏകദേശം 2 കോടി രൂപ ലാഭിക്കാൻ കഴിയും. കൂടാതെ 1.5 കോടി രൂപയുടെ സ്‌പെയർപാർട്‌സുകൾ കൂടി ലഭ്യമാക്കിയാൽ പ്രസ്തുത ബസ്സുകൾ സർവ്വീസിന് സജ്ജമാക്കാൻ സാധിക്കുകയും ചെയ്യും.

മറ്റ് നോൺ എ.സി ബസ്സുകൾ 920 എണ്ണം സ്‌ക്രാപ്പ് ചെയ്യുന്നതിന് നിലവിൽ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ആയതിൽ 620 ബസ്സുകൾ സ്‌ക്രാപ്പ് ചെയ്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ M/s MSTC മുഖാന്തിരം ലേലം ചെയ്യുന്നതിനും, 300 എണ്ണം ഷോപ്പ് ഓൺ വീൽ ആക്കുന്നതിനുമാണ് തീരുമാനിച്ചരിക്കുന്നത്. സ്‌ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസ്സുകളിൽ 300 എണ്ണം ലേല നടപടികൾ അന്തിമ ഘട്ടത്തിലുമാണ്, ഇതിൽ 212 എണ്ണം വിറ്റ് പോയിട്ടുണ്ട്. ശേഷിക്കുന്ന ബസ്സുകളുടെ ലേലം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. വിവിധ ഡിപ്പോകളിലായി ഷോപ്പ് ഓൺ വീൽ എന്ന പദ്ധതിയിൽ 32 കണ്ടം ചെയ്യേണ്ട ബസുകളിൽ വാണീജ്യ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ബാക്കി വിവിധ ഡിപ്പോകളിൽ ലഭ്യമാക്കി സ്വകാര്യ സംരംഭകർക്ക് ലേലം ചെയ്തുകൊടുക്കുന്നതാണ്. കൂടാതെ നാല് ബസുകൾ ഇതിനകം തന്നെ കാര്യവട്ടം കാമ്പസിൽ ക്ലാസ് മുറികളായിട്ടും, ഭീമനാട് യുപി സ്‌കൂളിൽ ലൈബ്രറിയായിട്ടും നൽകിയിട്ടുണ്ട്. രണ്ട് ലോ ഫ്‌ളോർ ബസ്സുകൾ മണക്കാട് സ്‌കൂളിലെ ക്ലാസ് മുറിയായി ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്.

സ്‌ക്രാപ്പ് ചെയ്ത ബസ്സുകളുടെ ഉപയോഗ യോഗ്യമായ എഞ്ചിനും മറ്റ് പാർട്‌സുകളും ആവശ്യാനുസരണം മറ്റ് ബസ്സുകൾക്ക് ഉപയോഗപ്പെടുത്തിവരുന്നു. നിലവിൽ പാർക്കിങ് യാർഡുകളിൽ സ്‌ക്രാപ്പ് ചെയ്യാനുള്ള ബസ് മാത്രമാണ് അവശേഷിക്കുന്നത് എങ്കിലും, മുൻപ് സ്‌ക്രാപ്പ് ചെയ്യണമോ, റിപ്പയർ ചെയ്യണമോ എന്ന് തീരുമാനിക്കാനായി വർക്ക്‌ഷോപ്പുകളിൽ നിന്നും യാർഡുകളിലേക്ക് മാറ്റിയ ബസുകളുടെ ഫോട്ടോയാണ് ഹൈക്കോടതിയിൽ പോലും പരാതിക്കാർ നൽകിയിരിക്കുന്നത്. ഇത് ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ വാഹനങ്ങളുടെ ശവപറമ്പായി കിടക്കുന്നതായി തോന്നുന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. പാറശാല, ഈഞ്ചക്കൽ, ചടയമംഗലം,ചാത്തന്നൂർ, കായംകുളം, ഇടപ്പാൾ , ചിറ്റൂർ എന്നീ യാർഡുകളിൽ ഉള്ള ഉപയോഗ യോഗ്യമായ ബസുകൾ ഇതിനകം തന്നെ റിപ്പയർ ചെയ്ത് പ്രവർത്തന യോഗ്യമാക്കിയിട്ടുണ്ട്. എന്നാൽ സ്‌പെയർ പാർട്‌സുകൾ ലഭിക്കാത്ത ഏതാണ്ട് 500 ഓളം ബസുകൾ ഉണ്ട്. അതും സ്‌പെയർ പാർട്‌സുകൾ കിട്ടുന്ന മുറയ്ക്ക് സർവ്വീസിന് ഉപയോഗിക്കുന്നതാണ്.