കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുത്ത സർക്കാർ വിദ്യാലയങ്ങളിൽ ആർട്ട് ഗ്യാലറികൾ സജ്ജീകരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കാരപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കുന്ന ആർട്ട് ഗ്യാലറിയുടെ നിർമ്മാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ നിർവഹിച്ചു. കലയെ കൂടുതൽ അടുത്തറിയാനും പുതിയ കലാകാരന്മാരെ പരിചയപ്പെടുത്താനും ഇത്തരം ഗ്യാലറികൾ സംസ്ഥാനത്തുടനീളം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 50 ലക്ഷം രൂപയാണ് സർക്കാർ ചെലവിടുന്നതെന്നും മന്ത്രി അറിയിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, നഗരസഭ കൗൺസിലർ ശിവപ്രസാദ്, കാരപറമ്പ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മനോജ് കെ.പി, ഹെഡ്‌മിസ്ട്രസ് ഷാദിയബാനു പി, പിടിഎ പ്രസിഡന്റ് നജീബ് മാളിയേക്കൽ, അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, അക്കാദമി അംഗം സുനിൽ അശോകപുരം തുടങ്ങിയവർ പങ്കെടുത്തു.

ഇത്തരം ആർട്ട് ഗ്യാലറികളിൽ അതാത് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പുറമേ മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും തങ്ങളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള സൗകര്യം ഉണ്ടാകുന്നതാണ്.