കോഴിക്കോട്: വടകര അഴിയൂർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി റിസ്വാന ഭർതൃ വീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഭർതൃവീട്ടിലെ അലമാരക്കുള്ളിൽ റിസ്വാനയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറൽ എസ് പി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ആർ ഹരിദാസിനാണ് അന്വേഷണച്ചുമതല.

ഈ മാസമാദ്യമാണ് വടകര അഴിയൂർ സ്വദേശി റഫീഖിന്റെ മകൾ റിസ്വാനയെ കൈനാട്ടിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ അലമാരയിൽ റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാർ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭർതൃവീട്ടുകാർ അറിയിക്കാതിരുന്നതിലും ആശുപത്രിയിൽ ഭർതൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവർഷമായിട്ടും റിസ്വാന ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

റിസ്വാന ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർതൃവീട്ടിലെ പീഡനത്തെ കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിതാവ് റഫീഖ് പറയുന്നു. ഭർത്താവ് ഷംനാസ്, ഭർതൃപിതാവ്, ഭർതൃസഹോദരി എന്നിവർ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

റിസ്വാന മരിച്ചവിവരം പൊലീസിൽ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്ന് ഭർതൃവീട്ടുകാർ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കൾ പറയുന്നു.

മെയ്‌ ആദ്യവാരമാണ് വടകര അഴിയൂർ സ്വദേശി റഫീഖിന്റെ മകൾ റിസ്വാനയെ കൈനാട്ടിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.