കണ്ണൂർ: പള്ളിക്കുളത്ത് ടാങ്കർ ലോറിയിടിച്ചു മരിച്ച മുത്തച്ഛനും പേരമകനും നാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ ഒൻപതുമണിയോടെ ആഗ്നേയിന്റെ ( ഒൻപത്) മൃതദേഹം വാരത്തെ പിതാവ് പ്രവീണിന്റെ വീട്ടിലെത്തിച്ചു. ഇന്നലെ പുലർച്ചെയോടെയാണ് പ്രവീൺ വിദേശത്തുനിന്നുമെത്തിയത്. അത്യന്തം വികാരനിർഭരമായിരുന്നു അവിടുത്തെ കാഴ്ചകൾ പിതാവും കുടുംബാംഗങ്ങളുടെയും ദുഃഖം അണപൊട്ടിയൊഴികിയത് കണ്ടു നിന്നവരുടെ കണ്ണുകളും ഈറനണിയിച്ചു.

തുടർന്ന് ആഗ്നേയിന്റെ മൃതദേഹം അമ്മയുടെ വീടായ പള്ളിക്കുന്ന് ഇടച്ചേരിയിലെ കൊമ്പ്രക്കാവിന് സമീപമുള്ള നവനീതത്തിലെത്തിച്ചു. കുട്ടിയുടെ മുത്തച്ഛൻ മഹേഷ്ബാബുവിന്റെ മൃതദേഹത്തോടൊപ്പം പൊതുദർശനത്തിന് വെച്ചു. കുട്ടിയുടെ അമ്മയും മഹേഷ്ബാബുവിന്റെ മകളുമായ നവ്യക്ക് താങ്ങാനാവാത്തതായിരുന്നു ഇരട്ടമരണമെന്ന മഹാദുരന്തം.

ആഗ്നേയിനെ ഒരു നോക്കുകാണാൻ എസ്. എൻ വിദ്യാമന്ദിറിലെ സഹപാഠികളും അദ്ധ്യാപകരുമെത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകനായ മഹേഷ്ബാബുവിന്റെ മൃതദേഹത്തിൽ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന് വിലാപങ്ങൾ ബാക്കി നിർത്തികൊണ്ടു ഇരുവരുടെയും മൃതദേഹം പയ്യാമ്പലം പൊതുശ്മാനത്തിലേക്ക് കൊണ്ടു പോയി.

കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ, കൗൺസിലർമാരായടി. രവീന്ദ്രൻ, കൂക്കിരി രാജേഷ്,പി.കൗലത്ത് വിവിധ കക്ഷി നേതാക്കളായ കാടൻബാലകൃഷ്ണൻ, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ വീട്ടിലെത്തി അനുശോചനമറിയിച്ചു. അപകടമുണ്ടാക്കിയ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്‌ച്ച രാവിലെ പതിനൊന്നുമണിയോടെയാണ് ദേശീയ പാതയിലെ പള്ളിക്കുളത്ത് ടാങ്കർ ലോറിയിടിച്ചു മഹേഷ്ബാബുവും ആഗ്നേയും സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഇരുവർക്കും മുകളിലൂടെ ലോറിയുടെ ടയർ കയറി മരിക്കുന്നത്. ആഗ്നേയിന്റെ അമ്മ നവ്യ ഇതിനടുത്തുള്ള ഒരുസ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ ഇവർ പിതാവും മകനും റോഡിൽ മരിച്ചുകിടക്കുന്നതു കണ്ടു തളർന്നു വീണിരുന്നു.