തിരുവനന്തപുരം: കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ ഇന്ധനവിലയിൽ വന്ന കുറവ് ചർച്ച ചെയ്യുമ്പോഴും കേരളത്തിൽ പെട്രോളിന് ഈടാക്കുന്ന തുകയിൽ വ്യത്യാസം. കേരളത്തിൽ പെട്രോൾ വിലയിൽ ആകെ 10 രൂപ 41 പൈസ കുറയേണ്ടതാണെങ്കിലും കുറഞ്ഞത് ഒമ്പതര രൂപ മാത്രമാണ്.

കേന്ദ്രസർക്കാർ പെട്രോളിന്റെ എക്‌സൈസ് നികുതി എട്ടുരൂപയാണ് കുറച്ചത്. ആനുപാതികമായി സംസ്ഥാനത്ത് 2 രൂപ 41 പൈസയും കുറഞ്ഞു. എന്നാൽ കുറയേണ്ട തുകയിൽ ഒരു രൂപയോളം വ്യത്യാസം വന്നതിന്റെ കാരണം വ്യക്തമാക്കാൻ ഡീലർമാർക്കും സാധിക്കുന്നില്ല. എണ്ണക്കമ്പനികളാണ് ഇക്കാര്യം വിശദീകരിക്കേണ്ടതെന്നാണ് അവർ പറയുന്നത്.

കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം രാജ്യമെമ്പാടും സ്വാഗതം ചെയ്തതിനിടെ കേരളത്തിൽ നികുതി കുറയ്ക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്.' എന്നായിരുന്നു ധനമന്ത്രി അറിയിച്ചത്.

എക്‌സൈസ് തീരുവ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചതായാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുമെന്നാണ് കെ എൻ ബാലഗോപാൽ വ്യക്തമാക്കിയത്.

കൂടാതെ 57 രൂപ അടിസ്ഥാന വിലയുള്ള പെട്രോളിന് കേന്ദ്രം ഈടാക്കുന്ന എക്സൈസ് തീരുവ 19.9 രൂപയും സംസ്ഥാനം ഈടാക്കുന്ന വാറ്റ് തുക 26.04 രൂപയുമാണ്. ഇതിനോടൊപ്പം നേരിയ തുകകളായ ചരക്ക് നികുതിയും ഡീലർ കമ്മീഷനും കൂട്ടിച്ചേർത്താണ് തിരുവനന്തപുരത്ത് ലിറ്ററിന് 107.35 രൂപയ്ക്ക് പെട്രോൾ ഈടാക്കിയിരുന്നത്. അതായത്, കേന്ദ്രത്തിനേക്കാൾ കൂടുതൽ നികുതിയാണ് സംസ്ഥാനം ഈടാക്കുന്നതെന്ന് ചുരുക്കം.

സമാനരീതിയിലാണ് ഡീസൽ വിലയിലും സംസ്ഥാന സർക്കാർ നികുതി ഈടാക്കുന്നത്. കേന്ദ്രം ഈടാക്കുന്നത് 15.8 രൂപയാണെങ്കിൽ സംസ്ഥാന സർക്കാർ വാങ്ങുന്നത് 19.16 രൂപയാണ്. ഇപ്രകാരമാണ് ലിറ്ററിന് 96.38 രൂപയ്ക്ക് ഡീസൽ കേരളത്തിൽ ലഭിക്കുന്നത്.

ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിച്ചിട്ടില്ലെന്നും ബാലഗോപാൽ അറിയിച്ചിരുന്നു. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോൾ കുറക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്. ഇന്ധന നികുതിയിൽ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ല, സംസ്ഥാനം കുറച്ച് തന്നെയെന്ന് കെ എൻ ബാലഗോപാൽ പുറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിടാൻ തയ്യാറാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ഇന്ധന നികുതി മൂന്ന് രൂപയിൽ നിന്നാണ് കേന്ദ്രം 30 രൂപയാക്കി ഉയർത്തിയത്. ഇതിൽ നിന്നാണ് എട്ട് രൂപ കുറച്ചത്. കേരളത്തിൽ ഇന്ധന നികുതി എൽഡിഎഫ് സർക്കാർ കൂട്ടിയിട്ടില്ലെന്നും ബാലഗോപാൽ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സഹായം കൂടിയേ തീരൂ എന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

വിലക്കയറ്റം തടയാൻ കഴിഞ്ഞ വർഷം 4000 കോടി രൂപ സർക്കാർ നൽകി. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് പറഞ്ഞ ധനമന്ത്രി, പ്രതിപക്ഷ നേതാവിനെതിരെയും വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്കും പറയാൻ വി ഡി സതീശൻ തയ്യാറാക്കുന്നില്ലെന്നും കേരള സർക്കാരിനെതിരെ മാത്രമാണ് വിമർശനമെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ ഇന്ധനനികുതിയിൽ നിന്നുള്ള അധിക വരുമാനം സംസ്ഥാനം വേണ്ടെന്നുവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇടതുസർക്കാർ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇന്ധനനികുതി വർധനയിലൂടെ നാലുകൊല്ലം കൊണ്ട് ആറായിരം കോടിയാണ് അധികവരുമാനം നേടിയതെന്നും സതീശൻ പറഞ്ഞു.

അതേ സമയം സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട അടിസ്ഥാന തീരുവയല്ല കേന്ദ്രസർക്കാർ കുറച്ചിരിക്കുന്നത്. റോഡ് സെസ് ആയി കേന്ദ്രം പിരിക്കുന്ന തുകയിലാണ് കുറവ് വരുത്തിയിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.

കഴിഞ്ഞ നവംബറിലും റോഡ് സെസ് കുറച്ചിരുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇത്തരത്തിൽ രണ്ട് തവണയായി എക്സൈസ് തീരുവ കുറച്ചതിന്റെ പൂർണ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്നും ധനമന്ത്രി പ്രതികരിച്ചു. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ സെസാണ് പെട്രോളിനും ഡീസലിനും യഥാക്രമം എട്ട് രൂപ, ആറ് രൂപ എന്ന നിലയിൽ കുറച്ചിരിക്കുന്നത്. ഇത് സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന തുകയല്ല.

ബേസിക് എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ സെസ്, അഗ്രികൾച്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സെസ് എന്നിവ ചേർന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും ആകെ എക്സൈസ് തീരുവ. ഇവയിൽ ബേസിക് എക്സൈസ് ഡ്യൂട്ടി മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നതെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

ഇന്ധനവിലയിലെ കേന്ദ്ര എക്സൈസ് തീരുവ കുറച്ച പ്രഖ്യാപനമുണ്ടായതിന് പിന്നാലെ പ്രതിപക്ഷ സംഘടനകളും നേതാക്കളും വ്യത്യസ്ത ആരോപണങ്ങളുമായി എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം. ഇന്ധനവില കുറച്ചതിന്റെ ബാധ്യത പല സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും ധനമന്ത്രിയുടെ വിശദീകരണത്തിന് കാരണമാണെന്നാണ് വിലയിരുത്തൽ.