ടോക്യോ: രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ വരവേൽപ്പാണ് ടോക്യോയിൽ ലഭിച്ചത്. ക്വാഡ് ഉച്ചകോടിയൽ പങ്കെടുക്കുന്നതിനായാണ് മോദി ജപ്പാനിൽ എത്തിയത്. ജപ്പാനിലെ ഇന്ത്യൻ സമൂഹമടക്കം പ്രധാനമന്ത്രിയെ വരവേറ്റു.

അതിനിടയിലാണ് ഹിന്ദിയിൽ തന്നെ വരവേറ്റ ജാപ്പനീസ് കുട്ടി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെട്ടത്. നന്നായി ഹിന്ദിയിൽ സംസാരിക്കുന്ന ജാപ്പനീസ് കുട്ടിയെ കണ്ട് പ്രധാനമന്ത്രി ആശ്ചര്യപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു. വ്യാവ്, എവിടെ നിന്നാ ഹിന്ദി പഠിച്ചതെന്നും മോദി കുട്ടിയോട് ചോദിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

നന്നായി ഹിന്ദി സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് കുട്ടിയെ അഭിനന്ദിച്ച പ്രധാനമന്ത്രി ഓട്ടോഗ്രാഫും നൽകിയ ശേഷമാണ് മടങ്ങിയത്. റിത്സുകി കൊബയാഷി എന്ന കുട്ടിയാണ് മോദിയോട് ഹിന്ദിയിൽ സംസാരിച്ചത്. അതേസമയം പ്രധാനമന്ത്രിക്ക് മലയാളത്തിൽ സ്വാഗതം എഴുതിയിട്ടുള്ള ബോർഡുകളും വീഡിയോയിൽ കാണാം. ഇന്ത്യൻ സമൂഹവുമായി ഏറെ നേരം സംവദിച്ച ശേഷമാണ് പ്രധാനമന്ത്രി മറ്റ് പരിപാടികൾക്ക് പോയത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്ത്യ-ജപ്പാൻ പങ്കാളിത്തം 70 വർഷങ്ങൾ പൂർത്തിയാക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ-ജപ്പാൻ ബന്ധത്തെക്കുറിച്ചു ജപ്പാനിലെ പ്രമുഖ പത്രത്തിലെ എഡിറ്റോറിയൽ പേജിൽ മോദിയുടെ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

'ഇന്ത്യ-ജപ്പാൻ: സമാധാനത്തിന്റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും പങ്കാളിത്തം'' എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവര കൈമാറ്റം മുതൽ പ്രതിരോധ സാമഗ്രികളുടെ നിർമ്മാണം വരെയുള്ള കാര്യങ്ങളിൽ ഇന്ത്യ-ജപ്പാൻ ബന്ധം അതിവേഗം വളരുകയാണ്. സൈബർ, ബഹിരാകാശ, അണ്ടർവാട്ടർ ഡൊമെയ്‌നുകൾ എന്നിവയിൽ ഇരുരാജ്യങ്ങളും കൂടുതൽ പങ്കാളിത്തം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ജപ്പാനുമായുള്ള തന്റെ ഈ ആത്മബന്ധം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ലെന്നും മോദി വ്യക്തമാക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ജപ്പാൻ ജനതയുമായി പതിവായി ഇടപഴകാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ജപ്പാന്റെ വികസന കുതിപ്പുകൾ പ്രശംസനീയമാണ്. ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി, ഇന്നൊവേഷൻ, സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ജപ്പാൻ ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. ഇതിലൂടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.