കണ്ണൂർ: കണ്ണൂർ സർവ്വകലാശാല പരീക്ഷാനടത്തിപ്പ് വീണ്ടും വിവാദത്തിൽ. ചോദ്യപേപ്പർ ആവർത്തനം തുടരുന്നു. ഇന്ന് നടന്ന എം.എസ്.സി നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ എം എസ് സി ഗണിത ശാസ്ത്രത്തിന്റെ ഫോറിയർ ആൻഡ് വെവ് ലെറ്റ് അനാലിസിസ് എന്ന പേപ്പറിന്റെ പരീക്ഷക്കാണ് കഴിഞ്ഞ വർഷത്തെ അതേ ചോദ്യങ്ങൾ ആവർത്തിച്ചത്. സംഭവത്തിൽ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വിശദീകരണം തേടിയിട്ടുണ്ട്.

അതേ സമയം നേരത്തെ ഇത്തരം ക്രമക്കേടുകൾ ആവർത്തിച്ചതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടത്ത് പരീക്ഷ കൺട്രോളർ ഡോ: പി.ജെ. വിൻസന്റ് ചൊവ്വാഴ്ച സ്ഥാനമൊഴിയുമെന്ന് സൂചനയുണ്ട്. ഡപ്യൂട്ടേഷൻ കാലാവധി കഴിയുന്നതിനാലാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ നൽകുന്ന പ്രാധാന്യം പോലും കണ്ണൂർ സർവകലാശാല അധികൃതർ നൽകുന്നില്ലെന്നു സെനറ്റ് അംഗം ഡോ. ആർ. കെ. ബിജു ആരോപിച്ചു.

നാലാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഇലക്റ്റീവ് പേപ്പറായ ഫോറിയർ ആൻഡ് വേവ് ലെറ്റ് അനാലിസിസ് എന്ന ചോദ്യപേപ്പറും കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തിയിരിക്കുന്നുവെന്നത് നിരാശജനകമാണ്. ഇതിനു മുൻപ് ബിരുദ പ്രോഗ്രാമായ സൈക്കോളജിയിലെ മൂന്നു ചോദ്യപേപ്പറും പഴയത് തന്നെയായിരുന്നു. കൂടാതെ മറ്റു ഒട്ടുമിക്ക വിഷയങ്ങളിലും ചോദ്യപേപ്പറിൽ സമാനമായ വീഴ്‌ച്ചകൾ ഉണ്ടായിരുന്നു.

യാതൊരുവിധ മാനദണ്ഡവും പാലക്കാതെയാണ് സർവകലാശാല പരീക്ഷ നടത്തുന്നത്. ഇനിയും വിദ്യാർത്ഥികളുടെ ക്ഷമ സർവകലാശാല പരിശോധിക്കരുതെന്നും, വിസി പരീക്ഷയുടെ നിലവാരം തകർക്കുന്നതിന് കൂട്ടു നിൽക്കുകയാണെന്നും ഡോ. ആർ. കെ. ബിജു പറഞ്ഞു.കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായുള്ള വീഴ്ചകൾ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ പരീക്ഷാ സമ്പ്രദായം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ അധ്യക്ഷൻ പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

ഗുരുതരമായ വീഴ്ചകൾ നിരന്തരം ആവർത്തിക്കപ്പെടുന്നത് കേവലം സാധാരണ നിലയിലുള്ള വീഴ്ചകൾ എന്നതിനപ്പുറത്തേക്ക് വൻ അട്ടിമറിയുടെ ഭാഗമാണെന്നും വൈസ് ചാൻസാലറുടെ പ്രത്യേക താൽപര്യങ്ങളും പുതിയ രീതികളും സർവകാലാശാലയിലെ പരീക്ഷാ നടത്തിപ്പിൽ നടപ്പിലാക്കുന്നതിനുള്ള അജണ്ടയുടെ ഭാഗമായിട്ടാണ് ഗുരുതരമായ ഇത്തരമൊരു അട്ടിമറി നീക്കം നടക്കുന്നതെന്നും ഷമ്മാസ് ആരോപിച്ചു.നാലാം സെമസ്റ്റർ എം.എസ്.സി മാത്സ് പരീക്ഷയുടെ ചോദ്യപേപ്പറും കഴിഞ്ഞ വർഷത്തെ തനിയാവർത്തനമായതോടെ വേലി തന്നെ വിളവ് തിന്നുന്ന ഗൗരവതരമായ സാഹചര്യമാണ് കണ്ണൂർ സർവകലാശാലയിൽ നിലനിൽക്കുന്നതെന്നും പി.മുഹമ്മദ് ഷമ്മാസ് പ്രസ്താവിച്ചു.