കോട്ടയം: സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഭാഗമായി കർഷകർക്കു നൽകുന്ന 1600 രൂപ കർഷക പെൻഷൻ റബർ സബ്സിഡിയുടെ മറവിൽ റദ്ദ് ചെയ്യുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ഇൻഫാം ദേശിയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

ധനകാര്യവകുപ്പും പഞ്ചായത്ത് ഡയറക്ടറും ഇറക്കിയിരിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കണം. റബർ സബ്സിഡി റബർ വിലത്തകർച്ചയിൽ കർഷകനെ സഹായിക്കാനുള്ള ഒരു താൽക്കാലിക സംവിധാനം മാത്രമാണ്. കാലങ്ങളായി ഈ സബ്സിഡി കർഷകർക്ക് ലഭിക്കുന്നുമില്ല. സബ്സിഡിയും കർഷകപെൻഷനും തമ്മിൽ ബന്ധിപ്പിക്കുന്നതും ശരിയായ നടപടിയല്ല.

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, വിധവകൾക്കും വിവാഹമോചിതർക്കുമുള്ള അഗതി പെൻഷൻ, അംഗപരിമിതർ, അംഗവൈകല്യം സംഭവിച്ചവർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, എന്നിവർക്കുള്ള അംഗപരിമിത പെൻഷൻ, 50 വയസിനുമുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ, കർഷക പെൻഷൻ, സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം എന്നിങ്ങനെ 6 പദ്ധതികളാണ് സാമൂഹ്യ സൂരക്ഷാ പദ്ധതിയിലുള്ളത്. ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ കൂട്ടത്തിൽ കർഷകപെൻഷൻ വാങ്ങുന്നവരെ ഉൾപ്പെടുത്തി അവർക്ക് കൊടുക്കുന്ന 1600 രൂപ കർഷക പെൻഷൻകാർക്കും കൊടുക്കുന്നത് കർഷകരെ അധിക്ഷേപിക്കലാണ്. കർഷകൻ നാടിന്റെ നട്ടെല്ലാണ് എന്ന് പറയുന്നവർ ജനത്തെ മുഴുവൻ തീറ്റിപ്പോറ്റി നട്ടെല്ലൊടിഞ്ഞ 60 വയസ്സ് കഴിഞ്ഞ കർഷകന് 10000 രൂപ പെൻഷൻ നൽകണമെന്ന 2015ലെ കാർഷികനയ നിർദ്ദേശം നടപ്പിലാക്കണമെന്നും റബർ സബ്സിഡിക്ക് അർഹതയുള്ളവരെന്നതിന്റെ പേരിൽ കർഷകരെ നിലവിലുള്ള പെൻഷൻ പദ്ധതിയിൽ നിന്ന് പുറന്തള്ളുന്ന വിവാദ ഉത്തരവ് റദ്ദാക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.