കോതമംഗലം: കരാർ കാലാവധി കഴിഞ്ഞിട്ടും കെട്ടിടം ഒഴിയുകയോ, വാടക കുടിശിക നൽകുകയോ ചെയ്യാതെ വന്നതോടെ വൈദ്യുത വകുപ്പിന് വക്കീൽ നോട്ടീസ് അയച്ച് കെട്ടിട ഉടമ. നെല്ലിക്കുഴിയിൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന്റെ ഉടമ തണ്ടിയേക്കൽ സിദ്ദിഖിന്റെ ഭാര്യ സലീക്കത്ത് ആണ് വൈദ്യുത വകുപ്പ് സെക്രട്ടറി, ചെയർമാൻ പെരുമ്പാവൂർ എക്സിക്യൂട്ടീവ് എഞ്ചിനിയർ,നെല്ലിക്കുഴി സെക്ഷൻ എ ഇ എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചത്.

2019 ഒക്ടോബർ മുതൽ തനിക്ക് വാടക ലഭിക്കുന്നില്ലന്നും അറിയിപ്പ് നൽകിയിട്ടും കെട്ടിടം വിട്ടുനൽകാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലന്നും ഈ സാഹചര്യത്തിലാണ് നിയമനടപടിയിലേയ്ക്ക് കടന്നതെന്നും ദമ്പതികൾ വ്യക്തമാക്കി.

നെല്ലിക്കുഴി പഞ്ചായത്താണ് സെക്ഷൻ ഓഫീസ് പ്രവർത്തനത്തിനായി മുറി വാടകയ്ക്കെടുത്തിരുന്നത്.17000 രൂപ മാസ വാടകയും വർഷം 5 ശതമാനം വർദ്ധനയും നിശ്ചയിച്ചുള്ള കരാർപ്രകാരമാണ് മുറി വിട്ടുനൽകിയിരുന്നത്.

ഇതുപ്രകാരം കരാർ കാലാവധി പൂർത്തിയായ 2019 ഒക്ടാബർ വരെ പഞ്ചായത്ത് വാടക നൽകിയിരുന്നു.മേലിൽ വാടക നൽകില്ലന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും അറിയപ്പും ലഭിച്ചിരുന്നു.ഇതെത്തുടർന്ന് കെഎസ്ഇബി പെരുമ്പാവൂർ എക്സിക്യൂട്ടീവ് എഞ്ചിനിയറെ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും കെട്ടിടം ഒഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെടുകകയും ചെയ്തു.

കത്ത് നൽകി 4 വർഷത്തോളം എത്തിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.നിലവിലെ കണക്കുകൾ പ്രകാരം 8 ലക്ഷത്തിലേറെ രൂപ ലഭിക്കാനുണ്ട്.ഇനിയും ഇത്തത്തിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.അതിനാലാണ് നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് സിദ്ദിഖ് വിശദമാക്കി.

നിരവധി പ്ലൈവുഡ് കമ്പനികളും,ഫർണ്ണിച്ചർ നിർമ്മാണ യൂണിറ്റുകളും സ്ഥിതിചെയ്യുന്ന നെല്ലിക്കുഴിയിൽ 2015 -ലാണ് കെഎസ്ഇബി സെക്ഷൻ ഓഫീസ് അനുവദിച്ചത്.സെക്ഷൻ ഓഫീസ് നെല്ലിക്കുഴിയിൽ ആരംഭിച്ചത് വ്യവസായ യൂണിറ്റുകൾക്കും, ഗാർഹിക ഉപഭോക്താക്കൾക്കും വലിയ അനുഗ്രഹമായിരിന്നു.

വൈദ്യൂത വകുപ്പിന്റെ ഭാഗത്തുനിന്നും അനുകൂല നീക്കമുണ്ടായില്ലങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനാണ് കെട്ടിട ഉടമയുടെ തീരുമാനം.ഇത് സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

കെഎസ്ഇബിക്ക് മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സെക്ഷൻ ഓഫീസ് ആണ് ഇതെന്നും പിഴയായി പിരിക്കുന്ന തുകയുടെ ഒരംശം മാത്രം വിനയോഗിച്ചാൽ മുടക്കം കൂടാതെ വാടക നൽകാൻ കഴിയുമെന്നും ബന്ധപ്പെട്ട അധികൃതർ മനസ്സുവച്ചാൽ കോടതിയിൽ എത്താതെ തന്നെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നുമാണ് മേഖലയിലെ ഉപഭോക്താക്കിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

പഞ്ചായത്ത് വാടക നൽകി,സെക്ഷൻ ഓഫീസ് പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണെമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.എന്നാൽ ഇക്കാര്യത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുകൂല നീക്കം ഉണ്ടാവാനിടയില്ലെന്നാണ് സൂചന.

കടുത്ത അനാസ്ഥയാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഈ വിഷയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും പഞ്ചായത്ത് മുൻകൈ എടുത്ത് സ്ഥാപിച്ച സെക്ഷൻ ഓഫീസ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം മൂലം നെല്ലിക്കുഴിക്ക് നഷ്ടാമാവുന്ന സാഹചര്യമാണ് നിലവിള്ളതെന്നും യുഡിഎഫ് പ്രാദേശിക നേതൃത്വം ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ കോൺഗ്രസ് മണ്ഡലം കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.