കണ്ണൂർ: കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ.പി ജെ വിൻസെന്റ് സ്ഥാനമൊഴിഞ്ഞു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ വിമർശനങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. ചോദ്യപേപ്പർ ആവർത്തനത്തിന് കാരണം കോവിഡ് സാഹചര്യത്തിൽ സ്‌ക്രൂട്ട്നി നടക്കാതിരുന്നതാണെന്ന് വിൻസെന്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തനിക്കെതിരെയുള്ള വിമർശനങ്ങൾ വേദനിപ്പിച്ചുവെന്നും പിജെ വിൻസന്റ് പറഞ്ഞു. പരീക്ഷാ നടത്തിപ്പിലുണ്ടായ തുടർച്ചയായ വിവാദങ്ങൾക്ക് പിന്നാലെയാണ് ഡോ. പിജെ വിൻസന്റ് കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ സ്ഥാനമൊഴിഞ്ഞത്. ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.വിവാദങ്ങൾ വേദനിപ്പിച്ചുവെങ്കിലും തീരുമാനം വ്യക്തിപരമാണെന്ന് പിജെ വിൻസന്റ് പറഞ്ഞു.

സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ മുൻവർഷത്തെ ചോദ്യപേപ്പറിൽ നിന്ന് ആവർത്തിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിന് പിന്നാലെ പരീക്ഷാ കൺട്രോളർക്കെതിരെയും വലിയ വിമർശനം ഉണ്ടായി. കോവിഡ് സാഹചര്യത്തിൽ സെൻട്രലൈസ്ഡ് സ്‌ക്രൂട്ട്നി നടത്താൻ സാധിക്കാതിരുന്നതാണ് ചോദ്യപേപ്പർ വിവാദങ്ങൾക്ക് കാരണമായതെന്നാണ് വിൻസെന്റ് മാധ്യമങ്ങളോട് പരീക്ഷാ നടത്തിപ്പ് വീഴ്ചയെകുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിച്ചത്.

സർവ്വകലാശാലകളിൽ ചോദ്യബാങ്കുകൾ വരുന്നതോടെ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതിലെ പ്രശ്നങ്ങൾക്കും പരിഹാരമാവുമെന്ന് പിജെ വിൻസന്റ് കൂട്ടി ചേർത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപക തസ്തികയിലേക്കാണ് അദ്ദേഹത്തിന്റെ മടക്കം.