- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് മാനസിക രോഗിയായ മകൾ; വാക്കുതർക്കത്തിനിടെ ശാന്തയുടെ മുഖത്തം തലയിലും വെട്ടിയത് നൊന്തുപെറ്റ മകൾ: നാൽപതുകാരിയായ രാജേശ്വരിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കോട്ടയം: കോട്ടയം മറ്റക്കരയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. പാദുവ താന്നിക്കത്തടത്തിൽ ശാന്ത ബാലകൃഷ്ണൻ (65) ആണ് മകളുടെ വെട്ടേറ്റു ദാരുണമായി കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനിടെ വീട്ടിലിരുന്ന വെട്ടുകത്തി എടുത്ത് മകൾ രാജേശ്വരി ശാന്തയെ വെട്ടിക്കൊല്ലുകയായിരുന്നു. നാൽപ്പതുകാരിയായ മകൾ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷം കൂടുതൽ നടപടികൾ എടുക്കാൻ ആണ് പൊലീസ് തീരുമാനം.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അമ്മയും മകളും തമ്മിൽ വാക്കുതർക്കം പതിവായിരുന്നു. ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ മകൾ വാക്കത്തികൊണ്ട് ശാന്തയെ വെട്ടുകയായിരുന്നു. രാജേശ്വരി കാലങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും ആണ് രാജേശ്വരി മാനസിക രോഗിയാണ് എന്ന വിവരം പൊലീസിനു ലഭിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി ഉണ്ടാക്കുക എന്ന് അയർക്കുന്നം പൊലീസ് വ്യക്തമാക്കി. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, കോട്ടയം ഡിവൈഎസ്‌പി സന്തോഷ് കുമാർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
തലയിലും മുഖത്തും വെട്ടേറ്റ ശാന്ത സമീപത്ത് താമസിക്കുന്ന മകന്റെ സഹായത്തിനായി പുറത്തേക്കോടി. ഇത് കണ്ട് അയൽവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ശാന്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു മക്കളുടെ അമ്മയാണ് ശാന്ത ബാലകൃഷ്ണൻ. ഒരു മകനും ഭാര്യയും ഈ വീട്ടിൽ തന്നെയാണ് താമസം. മകൻ ഷാപ്പിലെ ജീവനക്കാരനാണ്. മരുമകൾ ആശുപത്രിയിൽ ആണ് ജോലി ചെയ്യുന്നത്. ഇരുവരും ജോലിക്ക് പോയ ശേഷം ശാന്തയും മകൾ രാജേശ്വരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മാനസിക രോഗിയായ രാജേശ്വരി ഇടയ്ക്കിടയ്ക്ക് വീട്ടിൽ വഴക്കുണ്ടാക്കുന്ന സാഹചര്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്ന് ഉച്ചയ്ക്കു ശേഷവും വഴക്കുണ്ടായി എന്നാണ് വിവരം. വെട്ടേറ്റ് വീടിനു പുറത്തു കിടക്കുന്ന ശാന്തയെ സമീപവാസി കാണുകയായിരുന്നു. ഇയാളാണ് ശാന്തയെ പാല ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ ശാന്ത മരിച്ചതായാണ് വിവരം. തുടർന്ന് വീട്ടിൽ നിന്ന് രാജേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ ശാന്തയെ വെട്ടാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാജേശ്വരിക്ക് മാനസികരോഗം ഉണ്ടായിരുന്നുവെങ്കിലും പൊതുവേ ശാന്ത പ്രകൃതക്കാരിയായിരുന്നു എന്നാണ് നാട്ടുകാരുടെ അനുഭവം. വഴക്കുണ്ടാക്കുന്ന സമയത്ത് അക്രമാസക്തം ആകുന്ന സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട് എന്ന് ബന്ധുക്കൾ പറയുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കാൻ ആണ് പൊലീസ് നീക്കം. പാലായിൽ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആകും പോസ്റ്റ്‌മോർട്ടം നടപടികൾ ഉണ്ടാകുക.