വടകര: ദേശീയപാതയിൽ മുട്ടുങ്ങൽ കെ.ടി. ബസാറിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് പീപ്പിൾസ് റോഡിലെ രാഗി നിവാസിൽ രാഗേഷിന്റെയും ദീപ്തിയുടെയും മകൾ അനാമികയാണ് അച്ഛനും മുത്തശ്ശിക്കും പിന്നാലെ യാത്രയായത്. കഴിഞ്ഞ ദിവസം ഉണ്ടായ കുട്ടിയുടെ പിതാവായ രാഗേഷും രാഗേഷിന്റെ അമ്മ ഗിരിജയും അന്നുതന്നെ മരിച്ചിരുന്നു.

ഇതോടെ അപകടത്തിൽ മരിച്ചവർ മൂന്നായി. ഞായറാഴ്ച ഉച്ചയ്ക്ക് കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞുവരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാറും എതിരേവന്ന ലോറിയും കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ അനാമിക കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.

കോഴിക്കോട് പ്രോവിഡൻസ് സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാമിക. മരിച്ച അനാമികയുടെ അമ്മ ദീപ്തിയും സഹോദരി അദ്വികയും ഉൾപ്പെടെ ആറുപേർ ഇപ്പോഴും ചികിത്സയിലാണ്.