കൊച്ചി: മതത്തിന്റെ പേരിൽ മനുഷ്യജീവനെ വെല്ലുവിളിച്ച് ഉന്മൂലനം ചെയ്യുന്ന ആഗോള ഭീകരവാദപ്രസ്ഥാനങ്ങളുടെ താവളമാക്കാൻ ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും വിട്ടുകൊടുക്കരുതെന്നും ഭീകരവാദത്തിനെതിരെ ജനമനഃസാക്ഷി ഉണരണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

ഭാരതം ഉയർത്തിക്കാട്ടുന്ന മതേതരത്വത്തിന്റെ മഹത്വം അട്ടിമറിക്കാൻ അണിയറയിൽ അജണ്ടകൾ രൂപപ്പെടുമ്പോൾ ഭരണസംവിധാനങ്ങൾ നിഷ്‌ക്രിയരായി നോക്കിനിൽക്കുന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. തിരിച്ചറിവിന്റെ പ്രായംപോലുമെത്താത്ത കൊച്ചുകുട്ടികളുടെ മസ്തിഷ്‌കത്തിൽ വർഗീയവിഷം കുത്തിവെച്ച് തെരുവിലിറക്കി കൊലവിളികൾ നടത്തുന്ന ക്രൂരതയ്ക്കുമുമ്പിൽ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകന്മാരും മൗനം ദീക്ഷിക്കുന്നത് അടിമത്വവും അത്ഭുതപ്പെടുത്തുന്നതുമാണ്.

കേരളത്തിൽ വർഗ്ഗീയവാദവും ഭീകരപ്രസ്ഥാനങ്ങളും വളർന്നുവരുന്നുവെന്ന് മുന്നറിയിപ്പ് നൽകുന്നവെര ജയിലിലടയ്ക്കുക, ഇത്തരം ദുഷ്പ്രവണതകൾക്ക് വഴിയൊരുക്കുന്നവരെ ആശ്ലേഷിക്കുക എന്ന വോട്ടുരാഷ്ട്രീയത്തിന്റെ പിന്നാമ്പുറം തിരിച്ചറിയാനുള്ള ആർജ്ജവം കേരളസമൂഹത്തിനുണ്ടാകണം. മഹത്തായ സംസ്‌കാരവും പാരമ്പര്യവും പേറുന്ന ജനാധിപത്യമൂല്യങ്ങളുടെ ആത്മാവ് നിറഞ്ഞുനിൽക്കുന്ന ഇന്ത്യയാണിതെന്ന ബോധ്യം തലമുറകൾക്ക് പകർന്നേകേണ്ടവരാണ് ഓരോ ഭാരതീയനും. ഭീകരവാദപ്രസ്ഥാനങ്ങളുടെ പാഠശാലകളിലെ വർഗ്ഗീയവിഷം ചീറ്റുന്ന ഉല്പന്നങ്ങളായി വളരുന്ന തലമുറയെ തള്ളിവിടരുതെന്നും ശാന്തിയും സമാധാനവും എന്നും ഈ നാട്ടിൽ നിലനിന്നുകാണുവാൻ ആഗ്രഹിക്കുന്ന ജനസമൂഹത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണസമൂഹം നിർവ്വഹിക്കണമെന്നും വി സി, സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.