- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭാ തീരുമാനം മലയോര ജനതയെ വിഢികളാക്കുന്നത്: വി സി.സെബാസ്റ്റ്യൻ
കോട്ടയം: കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു നൽകുന്ന മന്ത്രിസഭാനിർദ്ദേശത്തിലെ നിയമാനുസൃതമെന്ന പദപ്രയോഗത്തിന്റെ പിന്നിലുള്ള ഏറെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ നിബന്ധനകൾ പ്രായോഗികമല്ലെന്നും മലയോരജനതയെ വിഢികളാക്കുന്ന മന്ത്രിസഭാതീരുമാനം തിരുത്തലുകൾക്ക് വിധേയമാക്കണമെന്നും ഇൻഫാം ദേശിയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
വന്യജീവി സംരക്ഷണ നിയം 11 ( 1 ) (ബി) പ്രകാരം മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗങ്ങളെ വേട്ടയാടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം ഉണ്ട്. ഈ അധികാരമാണ് മന്ത്രിസഭാതീരുമാനത്തോടെ തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷന്മാർക്ക് നൽകിയത്. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ മാത്രമെ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാർക്ക് നിലവിൽ അധികാരം നൽകിയിട്ടുള്ളു. വന്യജീവി സങ്കേതങ്ങൾ ചുറ്റുമുള്ള ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ കട്ടുപന്നി ശല്യമുള്ളത്. വന്യജീവി സങ്കേതത്തിന്റെ 10 കി.മീറ്റർ ചുറ്റളവിലുള്ള വ്യക്തികൾക്ക് തോക്ക് ലൈസൻസ് ലഭ്യമാവണമെങ്കിൽ വനം വകുപ്പിന്റെ എൻഒസി നിർമ്പന്ധമാണ്. ഈ കാരണത്താൽ കാലവധി അവസാനിച്ച തോക്ക് ലൈസൻസ് പുതുക്കി എടുക്കാനോ, പുതിയ ലൈസൻ ലഭിക്കുവാനും വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നു.
നാമമാത്രമായ ലൈസൻസുള്ള തോക്കുകാരെ കൊണ്ട് തീരാവുന്ന പ്രശ്നമല്ല കാട്ടുപന്നി ശല്യം. രൂക്ഷമായി ക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്ല്യത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കാതെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് അധികാരം കൈമാറിയെന്ന് വരുത്തിത്തീർക്കൽ മാത്രമാണ് നിലവിലെ മന്ത്രിസഭാ തീരുമാനം. 'വിഷ പ്രയോഗം, സ്‌ഫോകവസ്തു പ്രയോഗം, വൈദ്യുതിഷോക്ക് ഏൽപ്പിക്കൽ, കുരുക്കിട്ട് പിടിക്കൽ എന്നീ മാർഗങ്ങളിലൂടെ കാട്ടുപന്നികളെ നശിപ്പിക്കാൻ പാടുള്ളതല്ല. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ, മറവ് ചെയ്യുകയോ ചെയ്യേണ്ടതും ആയത് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തേണ്ടതുമാണെന്ന മന്ത്രിസഭാ തീരുമാനത്തിന്റെ നിബന്ധനകൾ വന്യജീവിസംരക്ഷണ നിയമത്തിലൊരിടത്തുമില്ല. ജഡം ശാസ്ത്രീയമായി മറവുചെയ്യുകയല്ല മറിച്ച് വനം വകുപ്പ് ഏറ്റെടുത്ത് പൊതുവിപണിയിൽ ഇറച്ചി ലേലംചെയ്ത് ലഭിക്കുന്ന പണം സർക്കാർ ഖജനാവിലേയ്ക്കടയ്ക്കുകയാണ് വേണ്ടത്.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഏതു വിധേനയും നശിപ്പിക്കുവാൻ ഇരുന്നുറിലധികം കർഷകർക്ക് ബഹു: കേരളാ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കി അനുമതി നൽകിയിട്ടുള്ളതാണ്. സർക്കാർ സമാന ഉത്തരവ് ഇറക്കിയാൽ മാത്രമെ കാട്ടുപന്നി ശല്ല്യത്തിന് ശാശ്വതപരിഹാരം കാണാൻ സാധിക്കുകയുള്ളൂ. നിലവിലെ മന്ത്രിസഭാ തീരുമാനം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ അടവ് മാത്രമാണ്. സർക്കാർ സമീപനം ആത്മാർത്ഥതയുള്ളതെങ്കിൽ തീരുമാനത്തിൽ തിരുത്തലുകൾ വരുത്തണമെന്നും മലയോരജനതയുടെ ജീവസംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.