കാഞ്ഞങ്ങാട്: അബൂദാബി ഖാലിദിയയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ മരിച്ച കാഞ്ഞങ്ങാട് കൊളവയൽ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്താൻ വൈകും. കാറ്റാടിയിലെ മേസ്ത്രി ദാമോദരൻ -നാരായണി ദമ്പതികളുടെ മകൻ ധനേഷാണ് 35, സ്‌ഫോടനത്തിൽ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ധനേഷ് അപകടത്തിൽപ്പെട്ടത്.

പൊട്ടിത്തെറിയിൽ ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അബുദാബി ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച രാവിലെയാണ് മരണം. അബൂദാബി പൊലീസ് വെരിഫിക്കേഷൻ ഇതുവരെ പൂർത്തിയായിട്ടില്ല. ഇതു പൂർത്തിയാക്കി ഇന്ത്യൻ എംബസിയെ അറിച്ചാൽ മാത്രമേ മറ്റു നടപടികൾ നടത്താൻ എംബസിക്ക് സാധിക്കുകയുള്ളൂ. ധനേഷിന്റെ സഹോദരി ഭർത്താവ് ഷാജിക്ക് മാത്രമേ മൃതദേഹം കാണാൻ അവസരമുണ്ടായിട്ടുള്ളൂ. രണ്ട് ദിവസത്തിനകം മൃതദേഹം ബന്ധുക്കൾക്ക് വീട്ട് കിട്ടുമെന്ന് പ്രതിക്ഷിക്കുന്നു.

പത്ത് ദിവസം മുൻപാണ് അവധി കഴിഞ്ഞ് ധനേഷ് അബുദാബിയിലേക്ക് മടങ്ങിയത്. അവിവാഹിതനാണ്. അബൂദാബി നഗരത്തിൽ ഖാലിദിയ മാളിന് സമീപത്തെ അഞ്ചുനില കെട്ടിടത്തിലുണ്ടായ വാതക സ്ഫോടനത്തിൽ നേരത്തെ മൂന്ന് പേർ മരിക്കുകയും, നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 64 പേരാണ് ഇപ്പോഴും ചികിൽസയിലുള്ളത്. ധനുഷ്, ധനു എന്നിവരാണ് ധനേഷിന്റെ സഹോദരങ്ങൾ. കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ ഇല്ല്യാസ്, വടകരമുക്കിലെ റഷീദ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.