കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 30 ലക്ഷം രൂപ വിലമതിക്കുന്ന 658 ഗ്രാം സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിനുള്ളിൽ ഉപേക്ഷിച്ച നിലയിലും യാത്രക്കാരനിൽ നിന്നുമാണ് പിടികൂടിയത്. ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ കർണാടകയിലെ ഭട്കൽ സ്വദേശി മുഹമ്മദ് ഡാനിഷി(27)ൽ നിന്നും 18 ലക്ഷം വരുന്ന 304 ഗ്രാംവരുന്ന പേസ്റ്റ് രൂപത്തിലുള്ള സ്വർണവും ഇയാളിൽ നിന്നും 86 ഗ്രാംവരുന്ന സ്വർണാഭരണങ്ങളും പാസഞ്ചർ ടെർമിനൽ ബിൽഡിങിലെ ബാത്ത് റൂമിൽ ഉപേക്ഷിച്ച 12.5ലക്ഷം വരുന്ന 268 ഗ്രാം സ്വർണമാണ് പിടികൂടിയത്.

ഡി. ആർ. ഐയും വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂനിറ്റിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നതിനിടെയാണ് സ്വർണം ഒളിപ്പിച്ചുവച്ച നിലയിൽ കണ്ടെത്തിയത്. പേസ്റ്റു രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി മുഹമ്മദ് ഡാനിഷ് മലദ്വാരത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.

കസ്റ്റംസ് പിടികൂടുമെന്ന ഭയത്തിലായിരിക്കും ബാത്റൂമിൽ സ്വർണം ഉപേക്ഷിച്ചതെന്ന് കരുതുന്നു. സ്വർണം പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.കസ്റ്റംസ് അസി.കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായകൂവ്വേരി പ്രകാശൻ,ശ്രീവിദ്യ സുധീർ, ഇൻസ്പെകടർ കെ. ആർ നിഖിൽ, സുരേന്ദ്രജാൻഗിഡ്,സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.