കണ്ണൂർ: മത, സാമുദായിക സംഘടനകളിൽ അനൈക്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രങ്ങളാണ് സിപിഎം നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കണ്ണൂരിൽ മുസ്ലിംലീഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും കഴിഞ്ഞ പണ്ടത്തെ കേരളമല്ല ഇപ്പോൾ. പരസ്പര വിശ്വാസം തകർക്കും വിധം ജനങ്ങളിൽ ഭിന്നതയുണ്ടാക്കി നാടിന്റെ സമാധാനം തകർക്കുന്ന നിലപാടാണ് സിപിഎം കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിന് വേണ്ടിയും ഭരണത്തിന് വേണ്ടിയും, രാഷ്ട്രീയ സാമുദായിക ഐക്യം തകർത്തുകൊണ്ടുള്ള നയങ്ങളും നിലപാടുകളുമാണ് ഇടത് ഭരണത്തിൽ സിപിഎമ്മിൽ നിന്നുണ്ടാകുന്നത്. ക്രിസ്തീയ, മുസ്ലിം സൗഹാർദം തകർത്ത് പിന്നോക്ക ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുക വഴി യുഡിഎഫിനെ തകർക്കാനാണ് സിപിഎം ശ്രമം.

രാഷ്ട്രീയമായി നേരിടാൻ പറ്റില്ലെന്നായപ്പോൾ മതങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് സ്പർദയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വർഗീയപരമായ നിലപാടാണ് സിപിഎം സെക്രട്ടറിയിൽ നിന്നുപോലും ഉണ്ടാകുന്നത്. സമുദായങ്ങളെ തമ്മിൽ ഭയപ്പെടുത്തി നാടിന്റെ സാഹോദര്യം തകർക്കാനുള്ള ശ്രമങ്ങളാണ് ഭരണതലത്തിൽ നിന്നും ഉണ്ടാകുന്നത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് വഴി ഇതര സമുദായങ്ങളുടെ പ്രീതി പിടിച്ചുപറ്റാനാണ് സിപിഎം നീക്കം. ദേവസ്വം ബോർഡിലുൾപ്പെടെ അതത് സമുദായങ്ങളെ നിയമിക്കുന്നിടത്ത് ഒരു വിഭാഗത്തിന് അർഹതപ്പെട്ടതും തട്ടിയെടുക്കാനാണ് സിപിഎം നേതൃത്വത്തിൽ സർക്കാർ ശ്രമിക്കുന്നതെന്നും പിഎംഎ സലാം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് എസ് മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന നേതാക്കളായ എംസി മായിൻ ഹാജി, സിഎച്ച് റഷീദ്, അബ്ദുറഹ്മാൻ കല്ലായി, കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കളത്തിൽ അബ്ദുല്ല, അബ്ദുൽ കരീം ചേലേരി സംസാരിച്ചു. ജില്ലാ ഭാരവാഹികളായ എൻ എ അബൂബക്കർ മാസ്റ്റർ, ടി എ തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, കെ.ടി. സഹദുള്ള, അഡ്വ. കെ എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ , അൻസാരി തില്ലങ്കേരി ,കെ പി താഹിർ , എം പി എ റഹീം , പോഷക സംഘടനാ സംസ്ഥാന ഭാരവാഹികളായഎം എ കരിം,സി കെ മുഹമ്മദലി,സി കെ നജാഫ്,ഷജീർ ഇഖ്ബാൽ,അഹമ്മദ് മാണിയൂർ പങ്കെടുത്തു.