- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ഭക്തിയുടെ നിറവിൽ നടന്നു. കോട്ടയം കോവിലകത്തുനിന്നെത്തിക്കുന്ന അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിച്ചു. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടന്നത്.
തുടർന്ന് നിവേദ്യ പൂജകഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് ശീവേലിക്ക് വിളിച്ചതോടെ എഴുന്നള്ളത്തിന് തുടക്കമായി. വിശേഷവാദ്യങ്ങളോടെ സ്വർണം , വെള്ളി പാത്രങ്ങൾ എഴുന്നള്ളിച്ചു നടന്ന പൊന്നിൻ ശീവേലി ദർശിക്കാൻ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പനയോലകളും മറ്റും ഉപയോഗിച്ച് മണിത്തറക്ക് മുകളിൽ കെട്ടിയുണ്ടാക്കുന്ന താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണം ഉച്ചയോടെ പൂർത്തിയായി.
ശനിയാഴ്ച രാത്രിയോടെ ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ് നടന്നു. കണ്ണൂർ , കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നും വ്രതം നോറ്റ് ഇളനീർ കാവുമായി ആയിരക്കണക്കിന് ഭക്തരാണ് കാൽനടയായി കൊട്ടിയൂരിൽ എത്തിച്ചേർന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജന്മാവകാശികളായ തണ്ടയാന്മാർക്കാണ് ഇളനീർ വെപ്പിനുള്ള അവകാശം.കൂത്തുപറമ്പിനടുത്തുള്ള വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടിതണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി കൊട്ടിയൂരിലെത്തിച്ചേർന്നിരുന്നു.
തിരുവഞ്ചിറയിലെ കിഴക്കേ നടയിലാണ് ഇളനീർ വെപ്പ് നടന്നത്. ഇളനീർ വ്രതക്കാർ സന്ധ്യയോടെ മന്ദംചേരിയിലെ ബാവലിക്കരയിൽ എത്തി ഇളനീർ വെപ്പിനുള്ള മുഹൂർത്തം കാത്തിരുന്നു . ക്ഷേത്രത്തിലെ രാത്രി പൂജാകർമ്മങ്ങൾ കഴിഞ്ഞ ഉടനെ രാശി വിളിച്ചു. ഇതോടെ ഭക്തർ ഇളനീർക്കാവോടുകൂടി ബാവലിപ്പുഴയിൽ മുങ്ങി അക്കരെ കൊട്ടിയൂരിലേക്ക് കുതിച്ചു . തിരുവഞ്ചിറയുടെ കിഴക്കേ നടയിൽ വിരിച്ച തട്ടും പോളയിലുമാണ് ഇളനീർക്കാവുകൾ സമർപ്പിച്ചത്. രാത്രി മുഴുവൻ തുടരുന്ന ഇളനീർ സമർപ്പണം അഷ്ടമി നാളിൽ കാലത്ത് എണ്ണയും ഇളനീരും സമർപ്പിക്കുന്നതോടെ സമാപിക്കും. ഇന്ന് രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും രാത്രി ഇളനീരാട്ടവും നടക്കും.


