ചെന്നൈ: ഇലക്ട്രിക് വുഡ് കട്ടർ ഉപയോഗിച്ച് ഭാര്യയേയും മക്കളേയും കഴുത്തറുത്തുകൊന്ന ശേഷം യുവാവ് സ്വയം കഴുത്തറുത്തു മരിച്ചു. തമിഴ്‌നാട്ടിലെ പല്ലാവരത്ത് പൊഴിച്ചലൂരിലാണ് ഒരു കുടുംബത്തിലെ നാലുപേർ അതിദാരുണമായി മരിച്ചത്. പ്രകാശ് (41), ഭാര്യ ഗായത്രി (39), മക്കളായ നിത്യശ്രീ (13), ഹരികൃഷ്ണ (9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് റിപ്പോർട്ട്. പ്രകാശ്, ഇലക്ട്രിക് വുഡ് കട്ടർ ഉപയോഗിച്ച് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പ്രകാശിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് നിഗമനം.

നേരം പുലർന്നിട്ടും വീട്ടിലെ ലൈറ്റുകൾ കത്തുന്നതും വാതിലുകൾ പൂട്ടിയിട്ടിരിക്കുന്നതും കണ്ട് സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ മുറിയിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങൾ.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിലെ ടിസിഎസിൽ ജീവനക്കാരനായിരുന്നു പ്രകാശ്. ഇയാൾ ഓൺലൈൻ വഴിയാണ് ഇലക്ട്രിക് വുഡ് കട്ടർ വാങ്ങിയതെന്ന് പൊലീസ് അറിയിച്ചു.