കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി ഫണ്ട് വെട്ടിപ്പ് സോഷ്യൽമീഡിയയിൽ അണികൾ തമ്മിലുള്ള ഏറ്റുമുട്ടലിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ സി. പി. എം അടിയന്തര ജില്ലാകമ്മിറ്റിയോഗം ചേരുന്നു. വരുന്ന ജൂൺ ഒന്നിനാണ് സി.പി. എം കണ്ണൂർ ജില്ലാകമ്മിറ്റി യോഗം നടക്കുക. പാർട്ടി ചെങ്കോട്ടയായ പയ്യന്നൂരിൽ ഏരിയാകമ്മിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ ദയനീയമായി പരാജയപ്പെട്ടിരുന്നു.

ഇ.പിയുടെ ഇടപെടലോടെ പ്രശ്നം കൂടുതൽ വഷളാവുകയും സ്ഥലം എംഎൽഎയെ രക്ഷപ്പെടുത്താൻ ഇ.പി ശ്രമിക്കുന്നുവെന്ന ആരോപണമുയരുകയും ചെയ്തു. പുറമേക്ക് ഒറ്റക്കെട്ടാണെങ്കിൽ പയ്യന്നൂരിൽ സി.പി. എമ്മിൽ വെള്ളൂർ, മാമ്പലം വിഭാഗക്കാർ തമ്മിൽ പൊടിപാറ്റിയ ഗ്രൂപ്പുപോരാണ് നടന്നുവരുന്നത്. ഇവർ തമ്മിൽ ഈവിഷയത്തിൽ സോഷ്യൽമീഡിയയിലും ഏറ്റുമുട്ടൽ തുടങ്ങിയിട്ടുണ്ട്. ഇതോടെ പ്രശ്നം കൈവിട്ടുപോകുമെന്ന സാഹചര്യത്തിലാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാർട്ടി സംസ്ഥാന നേതൃത്വം അടിയര ജില്ലാകമ്മിറ്റിയോഗം വിളിച്ചുകൂട്ടിയത്.

സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. പയ്യന്നൂരിൽ എംഎൽഎയടക്കമുള്ള നേതാക്കൾക്കെതിരെ ആരോപണം ഉയർന്നസാഹചര്യത്തിൽ പാർട്ടി നേതൃത്വത്തിന് തീരാതലവേദനയായി മാറിയിരിക്കുകയാണ്. പാർട്ടി നടപടിയാവശ്യപ്പെട്ട് വ്യക്തമായ തെളിവുകളോടെയാണ് വെള്ളൂർ സഖാക്കളുടെ പടപ്പുറപ്പാട്. ടി.വി രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണകമ്മിഷന്റെ റിപ്പോർട്ടിൽ വൻഫണ്ട് വെട്ടിപ്പു നടന്നിട്ടുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തിൽ പാർട്ടി എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ ചോദ്യം. അന്വേഷണകമ്മിഷൻ റിപ്പോർട്ട് ഇവർക്ക് ചോർന്നുകിട്ടിയിട്ടുണ്ടെന്നാണ് വിവരം.

പയ്യന്നൂരിലെ സി.പി. എം നേതൃത്വം ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. കോടികളുടെ അഴിമതി കഥകളാണ് പുറത്തുവന്നിട്ടുള്ളത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജരസീതി ഉപയോഗിച്ചു പണം പിരിക്കൽ, സി. പി. എം ഏരിയാകമ്മിറ്റി ഓഫിസിനായി നടത്തിയ ചിട്ടി-സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, രക്തസാക്ഷി ഫണ്ടായി പിരിച്ചെടുത്ത തുക ആരുമറിയാതെ ചില നേതാക്കളുടെ അൗക്കണ്ടിൽ രഹസ്യമായി നിക്ഷേപിച്ചതും പിൻവലിച്ചതുമടക്കം കോടികളുടെ ആരോപണമാണ് ഉയർന്നുവന്നിട്ടുള്ളത്.

ഇതിൽ പലതും പാർട്ടിക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. ഉന്നത നേതാക്കൾ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന വിഷയത്തിൽ ഇലയ്ക്കുംമുള്ളിനും കേടുവരാതെ നടപടിയെടുക്കുകയെന്നത് സി.പി. എം കണ്ണൂർ ജില്ലാ നേതൃത്വത്തിനെ സംബന്ധിച്ചിടുത്തോളം തലനാരിഴ കീറിയെടുക്കുന്നതിനെക്കാൾ ദുഷ്‌കരമാണ്. തിങ്കളാഴ്‌ച്ച നടക്കുന്ന ജില്ലാകമ്മിറ്റി യോഗത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധമടക്കം ഉയരാൻ സാധ്യതയേറെയാണ്.