കണ്ണൂർ: പൊതുരംഗത്തുള്ളവർക്ക് മാതൃകയായി സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ഒരു തലമുറക്കാകെ വഴികാട്ടിയായി പൊതുമണ്ഡലത്തിൽ നിറഞ്ഞ് നിന്ന നേതാവായിരുന്നു മുൻ മന്ത്രി കെ.പി.നൂറുദ്ദീനെന്ന് സതീശൻ പാച്ചേനി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.പി. നൂറുദ്ദീൻ ചരമവാർഷിക ദിനത്തിൽ ഡി.സി.സി ഓഫീസിൽ നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംശുദ്ധിയും, കൃത്യനിഷ്ഠയും, അച്ചടക്കവും ശ്വാസഗതിയായി കൊണ്ടു നടന്ന നൂറുദ്ദീന്റെ ജീവിത ശൈലി പൊതു മണ്ഡലത്തിലുള്ളവർക്ക് പാഠപുസ്തകമാണെന്നും പാച്ചേനി അഭിപ്രായപ്പെട്ടു. മുൻ മുഖ്യമന്ത്രിമാരായ ലീഡർ കെ കരുണാകരൻ എ.കെ ആന്റണി, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ആത്മബന്ധം പുലർത്തി പ്രവർത്തിച്ച നൂറുദ്ദീൻ ബൂത്ത് തലത്തിൽ പ്രവർത്തിച്ച് ഉയർന്ന് വന്ന് കേരളത്തിലെ മന്ത്രി പദവി വരെ അലങ്കരിച്ചത് കഠിനാധ്വാനം കൊണ്ടായിരുന്നു. മികച്ച പാർലമെന്റേറിയനായും സഹകാരിയായും പ്രവർത്തിച്ച നൂറുദ്ദീൻ സുതാര്യതയും അച്ചടക്കവും കർക്കശമായ നിലപാടുകളും ഉയർത്തിപ്പിടിച്ച് ത്യാഗധനനായി പ്രവർത്തിക്കുക ആയിരുന്നുവെന്നും പാച്ചേനി പറഞ്ഞു.

ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.നേതാക്കളായ എൻ പി ശ്രീധരൻ,സുരേഷ് ബാബു എളയാവൂർ,അഡ്വ.റഷീദ് കവ്വായി,സി ടി ഗിരിജ,എം പി വേലായുധൻ,പി മാധവൻ മാസ്റ്റർ,കൂക്കിരി രാജേഷ്,കെ പി സാജു,കെ എസ് യു ജില്ലാ പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ്,കല്ലിക്കോടൻ രാഗേഷ്,അമൃത രാമകൃഷ്ണൻ,എം പി രാജേഷ്,വസന്ത് പള്ളിയാംമൂല,റോബർട്ട് വെള്ളാംവെള്ളി തുടങ്ങിയവർ പങ്കെടുത്തു.