-തലശേരി: സംസ്ഥാനത്ത് ആരെങ്കിലും വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അടിച്ചമർത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുന്നറിയിപ്പു നൽകി. കൊല്ലപ്പെട്ട സി.പി. എം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ കുടുംബസഹായ ഫണ്ട് തലശേരിയിൽ കുടുബാംഗങ്ങൾക്ക് നൽകികൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാപം അടിച്ചമർത്താനാണ് പൊലീസിനു തോക്കും ലാത്തിയും കൊടുത്തത്. അല്ലാതെ തൊഴിലാളികളെ അടിച്ചമർത്താനല്ല. സിപിഎമ്മിനെ ഇല്ലാതാക്കാനാണു കേരളത്തിൽ ആർഎസ്എസ് ശ്രമിക്കുന്നത്. ഇതിനു ഉദാഹരണമാണ് പുന്നോലിലെ കെ. ഹരിദാസൻ വധം. കലാപ ഭൂമിയാക്കാനാണു ആർഎസ്എസ് ശ്രമിക്കുന്നത്. ആർഎസ്എസ് സ്വീകരിക്കുന്ന സമീപനത്തിനു സഹായിക്കലാണ് എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട്, ജമാഅത്ത് ഇസ്ലാമി തുടങ്ങിയവർ ചെയ്യുന്നത്.

മുസ്ലിം വിഭാഗത്തിനെതിരേയുള്ള പ്രതികരണമാണു മുൻ എംഎ‍ൽഎയിൽ നിന്നുണ്ടായത്. ഒരു കുട്ടിയെ പറഞ്ഞു പഠിപ്പിച്ച് ചുമലിലേറ്റി വർഗീയ മുദ്രാവാക്യം വിളിപ്പിച്ചത്, മറ്റു മതത്തിലുള്ളവർക്ക് വിദ്വേഷം ഉണ്ടാക്കാനാണു ശ്രമിക്കുന്നത്. വീട് സ്ഥലം നഷ്ടപ്പെടുന്നവർക്ക് കെ റെയിൽ വഴി വരുന്ന തൊഴിലവസരങ്ങളിൽ മുൻഗണന നൽകും. കല്ല് കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാവില്ല. അത് എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കും. ജനങ്ങളെ കണ്ണീർ കുടിപ്പിച്ച് റെയിൽ പദ്ധതി കൊണ്ടുവരില്ല. യു.ഡി.എഫിന്റെ തൃക്കാക്കര കോട്ട ഇത്തവണ തകരും. കഴിഞ്ഞ തവണത്തെക്കാളും ഒരുവോട്ടെങ്കിലും അധികം ഭൂരിപക്ഷത്തിൽ ജോ ജോസഫ് വിജയിക്കുമെന്നും കോടിയേരി വ്യക്തമാക്കി.