ലണ്ടൻ: തന്റെ ദുരിതങ്ങളും കഷ്ടപ്പാടുകളും മറ്റുള്ളവർക്കും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ദുഷ്ടമനസ്സുകൾ അത്ര കുറവല്ലാത്ത രീതിയിൽ ഈ ലോകത്തുണ്ട്. അതുപോലെ തന്നെയാണ് തനിക്ക് രോഗം ബാധിച്ചാൽ, ഒറ്റക്ക് അനുഭവിക്കേണ്ടന്നും, മറ്റുള്ളവരും ഇതിന്റെ ബുദ്ധിമുട്ട് അറിയട്ടെ എന്നും കരുതുന്നവർ. അത്തരത്തിൽ ഒരു ദുഷ്ടബുദ്ധിക്ക് കൂച്ചുവിലങ്ങിടാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥ.

പത്രങ്ങളിൽ പരസ്യം നൽകിയും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചും സ്വന്തം ബീജം വിൽക്കുന്ന ജെയിംസ് മാക് ഡഗൽ എന്ന 37 കാരനാണ് ഈ ദുഷ്ടജന്മം. പാരമ്പര്യമായി ഉണ്ടാകുന്ന ഫ്രാഗൈൽ എക്സ് സിൻഡ്രം എന്ന രോഗാവസ്ഥ ഉണ്ടായിട്ടും, അത് അറിഞ്ഞുകൊണ്ടു തന്നെ ഇയാൾ നൽകിയ ബീജങ്ങൾ ഉപയോഗിച്ച്, പതിനഞ്ച് സ്ത്രീകളാണ് കുട്ടികൾക്ക് ജന്മം നൽകിയത്. പാരമ്പര്യമായി പടരുന്ന ഈ അവസ്ഥ പിടിപെട്ടാൽ, ബുദ്ധിനിലവാരം (ഐ ക്യൂ) വളരെ താഴ്ന്നിരിക്കും എന്നു മാത്രമല്ല കുട്ടിയുടെ വികാസത്തിന് കാലതാമസം എടുക്കുകയും ചെയ്യും.

തികച്ചും സ്വകാര്യമായി, കരാർ എഴുതി ഒപ്പിട്ടതിനു ശേഷമായിരുന്നു ഇയാൾ ബീജദാനം നിർവ്വഹിച്ചിരുന്നത്. ബീജം സ്വീകരിക്കുന്ന വ്യക്തികളുമായിട്ടായിരിക്കും കരാർ ഉണ്ടാക്കുക. ജനിക്കുന്ന കുഞ്ഞിന് മേൽ ഒരു അവകാശവും ഉണ്ടായിരിക്കില്ലെന്നും കുട്ടിയെ കാണാൻ പോലും വരില്ലെന്നുമൊക്കെ കരാറിൽ എഴുതിപ്പിടിപ്പിക്കുമെങ്കിലും, പ്രസവം കഴിഞ്ഞാൽ ഇയളുടെ രീതികൾ മാറും. ഇതുവരെ പതിനഞ്ച് കുട്ടികൾക്കാണ് ഇയാളുടെ ബീജം ഉപയോഗിച്ച് ജന്മം നൽകിയത്. അതിൽ നാലു കുട്ടികളുടെ പിതൃത്വ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് അയാൾ കുടുംബ കോടതിയെ സമീപിച്ചു.

ഈ കേസിന്റെ വിചാരണവേളയിലാണ് ഇയാൾക്ക് പാരമ്പര്യ രോഗം ഉള്ളതായി വെളിപ്പെടുന്നത്. ഇയാൾക്ക് പിതൃത്വ അവകാശം അനുവദിച്ച് നൽകുന്നത് കുട്ടികൾക്ക് ഉപദ്രവകരമാകും എന്നാണ് കോടതി കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ഇയാൾക്ക് അവകാശം അനുവദിച്ചു നൽകിയില്ല. മാത്രമല്ല, ഗുരുതരമായ ജനിതക രോഗമുള്ള ഇയാളിൽ നിന്നും കൂടുതൽ സ്ത്രീകൾ ബീജം സ്വീകരിക്കാതിരിക്കാൻ ഇയാളുടെ ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തണം എന്നും കോടതി പറഞ്ഞു.

സ്വവർഗ്ഗ രതിയിൽ തത്പരരായ സ്ത്രീകളെ ഉന്നംവച്ചായിരുന്നു ഇയാൾ പരസ്യങ്ങൾ ചെയ്തിരുന്നത്. സാധാരണയായി ഇത്തരക്കാരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പേജുകളിലുമായിരുന്നു ബീജം നൽകാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് പരസ്യം നൽകിയിരുന്നത്. കേസിന്റെ വിചാരണവേളയിൽ ഇയാൾ ഒപ്പു വച്ച നിർവധി പേജുകൾ ഉള്ള കരാർ കോടതിയിൽ ഹാജരാക്കിയിരുന്നു. അതിൽ ഇയാൾ തന്റെ ആരോഗപരമായ അവസ്ഥ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അത് എന്താണെന്ന് വ്യക്തമാക്കുന്നില്ല. ഇത്തരത്തിലുള്ള പാരമ്പര്യ രോഗങ്ങ്ൾ ഉള്ളവരുടെ ബീജം സാധാരണയായി സ്വീകരിക്കാറുമില്ല.

ഇയാളുടെ ബീജത്തിൽ നിന്നും ജനിച്ച ഒരു കുട്ടിയുടെ അമ്മ കോടതിയിൽ പറഞ്ഞത് 3 വയസ്സായ കുട്ടിക്ക് ചില വളർച്ചാ പ്രശ്നങ്ങൾ ഉണ്ടെന്നാണ്. പ്രസവശേഷം ഇടക്കിടെ ഇയാൾ കുട്ടിയെ കാണാൻ വരുമായിരുന്നു എന്നും അവർ പറഞ്ഞു. അത്തരത്തിൽ വന്ന സമയത്ത് ലോക്ക്ഡൗൺ ആയതോടെ അയാൾ അതു തീരുന്നതുവരെ ആ സ്ത്രീക്കൊപ്പം തന്നെ താമസിച്ചു. ആ സമയത്ത് അവർ ഒരിക്കൽ കൂടി ഗർഭിണിയാവുകയും മറ്റൊരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

പ്രതിയായ മാക് ഡൊഗൽ വളരെ സങ്കീർണ്ണമായ ഒരു വ്യക്തിത്വത്തിനുടമയാണെന്ന് കോടതി നിരീക്ഷിച്ചു. പഠന വൈകല്യമുള്ള അയാൾക്ക് നേരിയ രീതിയിലുള്ള ഓട്ടിസവും ഉണ്ട്. ഇത്തരത്തിലുള്ള ഒരാൾക്ക് പിതൃത്വ അവകാശം നൽകുന്നത് കുട്ടികളുടെ ഭാവിക്ക് നല്ലതല്ലെന്ന് കോടതി പറഞ്ഞു. അതിന്റെ വെളിച്ചത്തിലാണ് ഇയാളുടെ പരാതി കോടതി തള്ളിയത്.