തിരുവനന്തപുരം: ഇന്ന് വിരമിക്കുന്ന എല്ലാവർക്കും പകരക്കാരെ സർക്കാർ നിയമിക്കില്ല. വിവിധ സർക്കാർ വകുപ്പുകളിൽ ജോലിഭാരത്തിനനുസരിച്ച് തസ്തികകൾ ക്രമീകരിക്കാനും അധിക തസ്തികകൾ കണ്ടെത്താനും സർക്കാർ വീണ്ടും ശ്രമം തുടങ്ങി. ഇത്തവണ മെയ്‌ 31-ന് വിരമിക്കുന്നത് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഉൾപ്പെടെ 11,100 പേർ. പൊതുമേഖലാസ്ഥാപനങ്ങൾ ഒഴികെയുള്ള കണക്കാണിത്. എല്ലാ മാസങ്ങളിലും ജീവനക്കാർ വിരമിക്കാറുണ്ടെങ്കിലും മേയിലാണ് കൂട്ടവിരമിക്കൽ ഉണ്ടാകുന്നത്.

ഈ സാഹചര്യത്തിലാണ് തസ്തിക ക്രമീകരിക്കാനും അധിക തസ്തിക ഒഴിവാക്കാനുമുള്ള നീക്കം. ഇതിന് ചീഫ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം പ്രത്യേകം സമിതികൾ രൂപവത്കരിച്ചു. മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണം. മുമ്പ് പലവട്ടം ഇതിന് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. നിലവിൽ പിഎസ് സി റാങ്ക് ലിറ്റുകൾ ലാസ്റ്റ് ഗ്രേഡിനും എൽഡി ക്ലർക്കിനും നിലവിലില്ല. ഈ സാഹചര്യത്തിലാണ് പുനക്രമീകരണത്തിലൂടെ തസ്തിക കുറയ്ക്കാനുള്ള നീക്കം.

എല്ലാ വകുപ്പുകളിലും സെക്രട്ടറി അധ്യക്ഷനായ സമിതി പഠനം നടത്താനാണ് ഉത്തരവ്. വകുപ്പുതലവനും ധനവകുപ്പ്, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് എന്നിവയുടെ പ്രതിനിധികളും അംഗങ്ങളായിരിക്കും. പതിനൊന്നാം ശമ്പളക്കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം 5.21 ലക്ഷമാണ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ. ഇവരിൽ 1.40 ലക്ഷംപേർ എയ്ഡഡ് സ്ഥാപനങ്ങളിൽ സർക്കാർ ശമ്പളം പറ്റുന്നവരാണ്. ഇത് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്.

വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോൾ അധികമാകുന്ന ജീവനക്കാരെ പുനർവിന്യസിപ്പിക്കണമെന്ന ഭരണപരിഷ്‌കരണ കമ്മിഷന്റെയും വിവിധ പഠനസമിതികളുടെയും നിർദ്ദേശം സർക്കാരിന് മുമ്പിലുണ്ട്. കോവിഡിനുശേഷമുള്ള സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ തസ്തിക വെട്ടികുറയ്ക്കാനാണ് നീക്കം.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 33,000-ഓളം കരാർ ജീവനക്കാർ അധികമാണെന്ന് കണ്ടെത്തിയിരുന്നു. പല വകുപ്പുകളിലും ആവശ്യത്തിലേറെ ജീവനക്കാരുള്ളപ്പോഴാണ് വീണ്ടും കരാർ നിയമനം നടത്തുന്നത്. ഇതിനെല്ലാം പരിഹാരമുണ്ടാക്കാനാകും സർക്കാർ ശ്രമം. എല്ലാ മാസവും ലോണെടുത്താണ് ശമ്പളം നൽകുന്നത്. ഇത് സംസ്ഥാന സർക്കാരിന് അധിക ബാധ്യതയാണ്. വികസന പ്രവർത്തനം പോലും അട്ടിമറിക്കപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നീക്കം. ഇതോടെ സർക്കാർ ജോലി പ്രതീക്ഷിക്കുന്ന യുവ തലമുറയ്ക്ക് തിരിച്ചടിയാകും.

കഴിഞ്ഞ മേയിൽ 9205 പേരാണ് വിരമിച്ചത്. വിരമിക്കൽ ആനുകൂല്യം നൽകാൻ 4000 കോടിരൂപ വേണം. ഇത് എല്ലാവർക്കും ഒരുമിച്ച് നൽകേണ്ടിവരില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി അക്കൗണ്ടന്റ് ജനറൽ അംഗീകരിക്കുന്ന മുറയ്ക്കാണ് ആനുകൂല്യം നൽകുന്നത്. അതിനാൽ പെട്ടെന്നൊരു സാമ്പത്തികസമ്മർദ്ദം ഉണ്ടാകില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

വർഷം ഏകദേശം 20,000 പേരാണ് വിരമിക്കുന്നത്. ഈ സാമ്പത്തികവർഷം വിവിധ മാസങ്ങളിലായി 21,083 പേർ വിരമിക്കുമെന്നാണ് ശമ്പളക്കമ്മിഷൻ റിപ്പോർട്ടിലെ കണക്ക്.