ചെറുപുഴ : കവുങ്ങിൻ തോട്ടത്തിലെ കിണറ്റിൽ നിന്നും തലയോട്ടിയും അസ്ഥികളും ചാക്കിൽ നിറച്ച അടക്കാശേഖരവും പൊലീസ് കണ്ടെത്തി. ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധനക്ക് പൊലീസ് ഫോറൻസിക് വിദഗ്ദരുടെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി.

ഇന്നലെ വൈകുന്നേരമാണ് പുളിങ്ങോം കോലുവള്ളി കള്ള പാത്തിയിൽ പയ്യന്നൂർ കാറമേൽ സ്വദേശി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കറോളം വരുന്ന തോട്ടത്തിലെ കിണറ്റിൽ വൈകുന്നേരത്തോടെ അടക്ക ശേഖരിക്കാനെത്തിയ സ്ത്രീ തലയോട്ടി വെള്ളത്തിൽപൊങ്ങി കിടക്കുന്നത് കണ്ടത്.

തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ ഡിവൈ.എസ്‌പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പെരിങ്ങോം ഫയർ‌സ്റ്റേഷൻ ഫോഴ്‌സിന്റെ സഹായത്തോടെ കിണർ വറ്റിച്ച് കിണറ്റിലിറങ്ങി പരിശോധന നടത്തിയ സംഘം ഇന്ന് രാവിലെ 11 മണിയോടെ തലയോട്ടിയും കൈകാലുകളുടെ അസ്ഥിയും പുരുഷന്റെ ഷർട്ടും അടക്കാശേഖരവും കണ്ടെത്തി.

പറമ്പിൽ അടക്ക പെറുക്കാൻ സമീപത്തുള്ള പലരും എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആ വഴിക്ക് പൊലീസ് അന്വേഷണം ഊർജിതമാക്കി. മരണപ്പെട്ട ആളെ തിരിച്ചറിയാൻ പൊലീസ് ഫോറൻസിക് വിദ്ഗദരുടെ സഹായം തേടിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥൻ അസ്ഥികളും മറ്റും പരിശോധന തുടങ്ങി.

പയ്യന്നൂരിൽ നിന്നും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. അതേ സമയം ടൗണിലും പരിസരത്തും സ്ഥിരമായി കാണുന്ന മധ്യവയസ്‌കനെ കുറച്ചു നാളുകളായി കാണാത്തത് നാട്ടുകാരിൽ സംശയത്തിന് വഴിവെച്ചിട്ടുണ്ട്. അലഞ്ഞു തിരിഞ്ഞിരുന്ന ചന്ദ്രൻ എന്ന ആളുടെ മൃതദേഹത്തിന്റെ ആവശ്ഷ്ടങ്ങൾ ആണോ ഇത് എന്ന് സംശയം നാട്ടുകാരിൽ ചിലർ പ്രകടിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.