കൊച്ചി : ദുർഗ്ഗാവാഹിനി പ്രവർത്തകർക്കെതിരെയെടുത്ത വ്യാജ കേസുകൾ പിൻവലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു. നെയ്യാറ്റിൻകരയിൽ നടന്ന ദുർഗാ വാഹിനി പഥസഞ്ചലനത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്കെതിരെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. സർവ്വായുധ ധാരിയായ ദുർഗാദേവിയെ അനുസ്മരിക്കത്തക്കവിധം ഡമ്മി വാൾ ഉപയോഗിച്ച് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പഥസഞ്ചലനം നടത്തിയ പെൺകുട്ടികൾക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

എൺപതിലധികം വിദേശ രാഷ്ട്രങ്ങളിലും ഭാരതത്തിൽ എമ്പാടും ഇത്തരം പരിപാടികൾ ദുർഗ്ഗാവാഹിനി പതിറ്റാണ്ടുകളായി സംഘടിപ്പിക്കാറുണ്ട്. ബാലെ, കഥകളി, നാടകം തുടങ്ങിവ വേദികളിൽ അവതരിപ്പിക്കുമ്പോൾ കലാകാരന്മാർ ഉപയോഗിക്കുന്ന തരത്തിലുള്ള പേപ്പർകൊണ്ടുണ്ടാക്കിയ വാളിന്റെ രൂപങ്ങൾ കൈയിലേന്തി പഥസഞ്ചലനം നടത്തിയ പെൺകുട്ടികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പഥസഞ്ചലനം കഴിഞ്ഞ് ഒരാഴ്‌ച്ചയ്ക്ക് ശേഷം അതിൽ പങ്കെടുത്ത പെൺകുട്ടികൾക്കെതിരെ കേസുമായി വരുന്നത് വ്യക്തമായ ഗൂഢാലോചനയാണ് സൂചിപ്പിക്കുന്നത്. കൊലവിളി നടത്തിയ ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് ജാഥക്കെതിരെ കോടതി പരാമർശം വരുന്നതുവരെ അനങ്ങാതിരുന്ന് പ്രീണനം നടത്തിയവരാണ് ഇപ്പോൾ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പെൺകുട്ടികൾക്കെതിരെ വ്യാജ കേസെടുത്തിരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി ജനറൽ സെക്രട്ടറി വി.ആർ. രാജശേഖൻ എന്നിവർ ആരോപിച്ചു. പെൺകുട്ടികളെ മറക്കുള്ളിൽ അടിച്ചമർത്തി വളർത്തുന്ന നയമല്ല വിശ്വഹിന്ദു പരിഷത്തിന്റേത്. സമൂഹത്തിന്റെ മുൻനിരയിലേയ്ക്ക് വരുന്ന പെൺകുട്ടികളുടെ മേൽ വ്യാജ കേസുകളെടുത്ത് അവരുടെ മനോവീര്യം തകർത്ത് അവരെ ഇരുട്ടറയിൽ തന്നെ തളച്ചിടാമെന്ന് സ്ത്രീ ശാക്തീകരണവും പുരോഗമനവും പറയുന്നവർ കരുതരുതെന്ന് നേതാക്കൾ പറഞ്ഞു. ഇപ്പോൾ എടുത്തിരിക്കുന്ന വ്യാജ കേസുകൾ പിൻവലിക്കാത്ത പക്ഷം നിയമ പരമായും സംഘടനാപരമായും നേരിടുമെന്നും നേതാക്കൾ പറഞ്ഞു.