തൃശ്ശൂർ: എലിസബത്ത് രാജ്ഞി(96)യുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ മലയാളിയുവാവിനും ക്ഷണം. പാലക്കാട്ടെ ഒലവക്കോടുനിന്നുമുള്ള പ്രഭു നടരാജനാണ് ഈ അസുലഭ അവസരം ലഭിച്ചത്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ജോലി തേടി ബ്രിട്ടണിലെത്തി സൗജന്യ ഭക്ഷണവിതരണം ഉൾപ്പെടെയുള്ള സേവനങ്ങളിലൂടെ പ്രശസ്തനാണ് പ്രഭു. പ്രഭുവിന്റെ നല്ല ചെയ്തികൾ അറിഞ്ഞ എലിസബത്ത് രാജ്ഞി അദ്ദേഹത്തെ ക്ഷണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു

ചാൾസ് രാജകുമാരൻ അയച്ച ക്ഷണക്കത്ത് പ്രഭുവിന് ലഭിച്ചു. ഒൻപതിന് 3.30-നാണ് എലിസബത്ത് രാജ്ഞിയുമായി കൊട്ടാരത്തിൽ കൂടിക്കാഴ്ചയ്ക്ക് ബക്കിങ്ഹാം കൊട്ടാരത്തിൽ അവസരമൊരുങ്ങിയത്. പ്രഭുവിന്റെ കോവിഡ്കാല സേവനങ്ങൾ കണക്കിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അത്താഴവിരുന്നിന് വിളിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോയന്റ് ഓഫ് ലൈറ്റ് പുരസ്‌കാരമുൾപ്പെടെ ഇരുപതിൽപരം പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് മുപ്പത്തിമൂന്നുകാരനായ പ്രഭു. ഈ നേട്ടങ്ങളാണ് ബക്കിങ്ങാം കൊട്ടാരത്തിലേക്കുള്ള ക്ഷണത്തിൽ എത്തിച്ചത്.

2010 മാർച്ച് ആദ്യമാണ് പ്രഭു ജോലി തേടി ബ്രിട്ടണിലെത്തിയത്. അച്ഛൻ നടരാജൻ ചെറുപ്പത്തിലേ മരിച്ചതിനാൽ അമ്മ വിജയലക്ഷ്മി വീടുകൾതോറും കയറിയിറങ്ങി തുണി വിറ്റാണ് പ്രഭുവിനെ പഠിപ്പിച്ചത്. ഓക്‌സ്ഫോർഡ് മെയിൽ എന്ന മാധ്യമസ്ഥാപനം നടത്തിയ മാൻ ഓഫ് ദ ഇയർ എന്ന നോമിനേഷൻ പരിപാടിയിൽ പ്രഭു നടരാജൻ ഒന്നാമതെത്തി വിജയിച്ചു. ബ്രിട്ടണിന്റെ ചരിത്രത്തിൽ 1639 പേർക്കുമാത്രം കിട്ടിയിട്ടുള്ള പ്രധാനമന്ത്രിയുടെ പോയന്റ് ഓഫ് ലൈറ്റ് അവാർഡ് 2021 മെയ്‌ 20-ന് ലഭിച്ചു.

ഭാര്യയും ഏകമകനുമൊത്ത് ഓക്‌സ്ഫോർഡിനടുത്ത് ബാൻബറിയിലാണ് താമസം. അവിടെ കെയർഹോമിൽ സീനിയർ കെയർടേക്കറാണ്. ഭാര്യ ശില്പാ ബാലചന്ദ്രൻ അവിടെ ഡെപ്യൂട്ടി മാനേജരും. മകൻ അദ്വൈതിന് അഞ്ചുവയസ്സ്. കോയമ്പത്തൂരിൽ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി ചെയ്യുന്നതിനിടെയാണ് കുടുംബസമേതം ബ്രിട്ടണിലേക്ക് ചേക്കേറിയത്.