മുക്കം: ജന്മനാ ഇരു കൈകളില്ല, ഒരു കാലിന് ശേഷിയുമില്ല. ഖത്തറിൽ പോയി ലോകകപ്പ് കാണണമെന്ന തന്റെ വലിയ സ്വപ്നം യാഥാർഥ്യമാവുമെന്ന് സ്വപ്നത്തിൽ പോലും ആസിം കരുതിക്കാണില്ല.2022ലെ ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നടന്ന ജനറേഷൻ അമേസിങ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യാൻ 2018 ൽ കൊടിയത്തൂരിൽ എത്തിയതായിരുന്നു ആസിം. 'ഖത്തറിൽ പോണം; ലോകകപ്പ് ഫുട്ബാൾ നേരിൽ കാണണം..' എന്ന തലക്കെട്ടോടെ ആസിമിന്റെ വലിയ സ്വപ്നം സാലിം ജീറോഡാണ് ആദ്യം വാർത്തയാക്കി പുറംലോകത്തെത്തിച്ചത്.

വാർത്ത ശ്രദ്ധയിൽപെട്ട ഉടൻ പ്രമുഖ വ്യവസായിയും ദീർഘകാലം ഖത്തർ പ്രവാസിയുമായ കണ്ണൂർ സ്വദേശി വി. മുഹമ്മദ് മുഖ്താർ ആണ് ആസിമിനും പിതാവിനും ഖത്തറിൽ പോവാനും ലോകകപ്പ് കാണാനുമുള്ള സഹായ വാഗ്ദാനവുമായി രംഗത്തുവന്നത്. ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷന്റെ സേവന വിഭാഗമായ ഇഹ്സാന്റെ കീഴിൽ നടന്ന മെഡിക്കൽ കേമ്പിന്റെ വേദിയിൽ വച്ചായിരുന്നു ആസിമിന്റെ ആഗ്രഹംപൂവണിഞ്ഞത്. ഉദ്ഘാടന മത്സരത്തിന് പുറമെ മൂന്നോ നാലോ കളികൾക്ക് ആസിം സാക്ഷിയാവും. ലോകകപ്പ് നേരിൽ കാണാനുള്ള സൗഭാഗ്യം കൈവന്നതിലുള്ള സന്തോഷത്തിലാണ്

സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവായ ആസിമും പിതാവ് സഈദ് യമാനിയും. 'ദൈവത്തിന് സ്തുതി. ലോകകപ്പ് സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ച വി മുഹമ്മദ് മുഖ്താർ, ഇഹ്സാൻ ചെയർമാൻ പി.കെ അബ്ദുർറസാഖ്, റിപ്പോർട്ടർ സാലിം ജീറോഡ് തുടങ്ങി കൂടെ നിന്ന പ്രിയപ്പെട്ടവരോടെല്ലാം നന്ദി അറിയിക്കുന്നതായി' ആസിം പറഞ്ഞു.