- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർപ്പുങ്കൽ പാലത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു
പാലാ: ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി നിലവിലുള്ള പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കോട്ടയം ബ്രിഡ്ജസ് വിഭാഗം അധികൃതർ അറിയിച്ചു.
ചേർപ്പുങ്കലിൽ നിലവിലുള്ള പാലത്തിന്റെ അപ്രോച് റോഡിനോട് ചേർന്നുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് മൂലം മണ്ണിടിച്ചിലിനുള്ള സാധ്യതകൾ രൂപപ്പെട്ടതിനെ തുടർന്ന് അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതു മുൻനിർത്തിയാണ് ഗതാഗതം പൂർണ്ണമായും നിരോധിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ ഒരാഴ്ച നിയന്ത്രണവിധേയമായി വാഹനങ്ങൾ കടത്തിവിടാൻ അനുവദിച്ചിരുന്നു.എന്നാൽ ശക്തമായ മഴയെ തുടർന്ന് പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗത്ത് മൺതിട്ട ഇടിയുന്നത് കൂടുതലായ സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥരും കരാർ റേറ്റടുത്തിട്ടുള്ള കമ്പനിയും ആശങ്ക അറിയിച്ച സാഹചര്യത്തിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ , മാണി സി കാപ്പൻ എംഎൽഎ ഇവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാവരോടും കൂടിയാലോചനകൾ നടത്തിയതിനെ തുടർന്നാണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.
ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ അബഡ് മെന്റെകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് സാഹചര്യത്തിൽ നിലവിലുള്ള പാലത്തിന്റെ അപ്രോച്ച് റോഡുമായി സംയോജിക്കുന്ന ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകട അവസ്ഥയുള്ള സാഹചര്യം ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗതാഗതം നിരോധിക്കുന്ന മാത്രമേ മാർഗ്ഗമുള്ളൂവെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് ഗതാഗതം നിരോധന നിർദ്ദേശത്തിന് അനുമതി നൽകിയതെന്ന് എംഎൽഎമാർ വ്യക്തമാക്കി.
പിഡബ്ല്യുഡി ബ്രിഡ്ജസ് എൻജിനീയറിങ് വിഭാഗവും കിടങ്ങൂർ പൊലീസ് അധികൃതരും സ്ഥിതിഗതികൾ നേരിട്ട് പരിശോധിച്ചശേഷമാണ് ഗതാഗതം പൂർണമായും നിരോധിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത് .വാഹനങ്ങൾ കടത്തി വിട്ടാൽ അപ്രതീക്ഷിതമായി കൂടുതൽ മണ്ണിടിച്ചിൽ സംഭവിക്കുകയും അപകടങ്ങൾ ഉണ്ടാകും എന്നതുകൊണ്ടാണ് ഇപ്രകാരം തീരുമാനിച്ചിട്ടുള്ളത്.
ചേർപ്പുങ്കൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ച സാഹചര്യത്തിൽ ബദൽ റോഡ് യാത്ര ക്രമീകരണം ഏർപ്പെടുത്തിയതായി പിഡബ്ല്യുഡിയും പൊലീസ് അധികൃതരും അറിയിച്ചു.മുത്തോലി ഹൈവേ ജംഗ്ഷനിൽ നിന്ന് മുത്തോലി കടവ് ജംഗ്ഷൻ വഴി ചേർപ്പുങ്കൽ പള്ളി ഭാഗത്തേക്കും കുമ്മണ്ണൂരിൽ നിന്ന് ചെമ്പിളാവ് പാലം വഴി ചേർപ്പുങ്കൽ പള്ളി ഭാഗത്തേക്കും വാഹന ഗതാഗതം ഇരുവശത്തേക്കും അനുവദിച്ചിട്ടുണ്ട് .
ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിൽ നിന്നും നിലവിലുള്ള പാലത്തിലൂടെ കാൽനടക്കാർക്ക് കടന്നുപോകുവാൻ അനുവദിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളെ പൂർണ്ണമായും ഇപ്പോൾ നിരോധിച്ചിട്ടില്ല.അപകട സ്ഥിതി വീണ്ടും വർദ്ധിച്ചാൽ ഇക്കാര്യത്തിലും തീരുമാനമെടുക്കുന്നതാണ്.
പുതിയതായി നിർമ്മിക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിത പെടുത്തുന്നതിനും സ്ഥിതിഗതികൾ പരിശോധിക്കുന്നതിനും വേണ്ടി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎംയും മാണി സി കാപ്പൻ എംഎൽഎയും വ്യക്തമാക്കി.