കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ വയനാട് കൽപ്പറ്റ സ്വദേശി വിജിത്ത് വിജയന് ജാമ്യം നിക്ഷേധിച്ച ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്. മാവോവാദി ബന്ധമാരോപിച്ചാണ് വിജിത്തിനെതിരേ യുഎപിഎ ചുമത്തി കേസെടുത്ത് അറസ്റ്റു ചെയ്തത്. നിരോധിക്കപ്പെട്ട സംഘടനയിൽ അംഗമായിരുന്നു എന്നത് കുറ്റകരമായി കാണാനാവില്ലെന്ന് മുമ്പ് പരമോന്നത നീതിപീഠമായ സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിന്റെ യുഎപിഎ വിരുദ്ധ നിലപാടിലെ കാപട്യം കൂടി വ്യക്തമാക്കുന്നതാണ് ഈ കേസ്. സമീപകാലത്തായി നീതിപീഠങ്ങളിൽ നിന്നുണ്ടാകുന്ന വിധികൾ ആശങ്കാജനകമാണ്. ജാമ്യമാണ് നീതി, ജയിലല്ല എന്ന നീതിയുടെ ബാലപാഠത്തെ പോലും നിരാകരിക്കുന്നതാണ് ഇത്തരം കോടതി വിധികൾ. പൗരന്മാർക്ക് അനന്തമായ തടവറകളൊരുക്കുന്ന യുഎപിഎ പോലുള്ള ഭീകരനിയമങ്ങൾ പിൻവലിക്കാൻ ജനാധിപത്യസർക്കാരുകൾക്ക് ബാധ്യതയുണ്ട്. സംഘപരിവാര ഭരണകൂടം അവർക്കെതിരായ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ചുട്ടെടുക്കുന്ന ഭീകര നിയമങ്ങൾ കമ്യൂണിസ്റ്റ് സർക്കാർ പോലും ദുരുപയോഗം ചെയ്യുന്നതിന്റെ അപകടമാണ് പന്തീരാങ്കാവ് ഉൾപ്പെടെയുള്ള കേസുകൾ വ്യക്തമാക്കുന്നത്.

യുഎപിഎ ഉൾപ്പെടെയുള്ള ജനാധിപത്യവിരുദ്ധമായ നിയമങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തീർക്കാൻ പൊതുസമൂഹം തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഭരണകൂട ഭീകരത പൗരസ്വാതന്ത്ര്യം കവർന്നെടുക്കുമെന്നും പി അബ്ദുൽ ഹമീദ് മുന്നറിയിപ്പു നൽകി.