കണ്ണൂർ: പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങ് സ്ഥലത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് വ്യാപകമായി പെട്രോൾ മോഷണം നടത്തുന്ന ആറ് കുട്ടികള്ളന്മാർ പിടിയിലായി. പഴയങ്ങാടി പൊലീസിൽ ഡി വൈ എഫ് ഐ മാടായി സൗത്ത് മേഖല കമ്മറ്റി ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു.

ഇതിനു ശേഷം പാർക്കിങ്ങ് മേഖല ഡി വൈ എഫ് ഐ പ്രവർത്തകർ നിരീക്ഷിച്ച് വരവേയാണ് പെട്രോൾ മോഷ്ടിക്കുന്ന ആറംഗ സംഘത്തെ പിടികൂടിയത്. ഇവർ കാറുമായി എത്തി പല വാഹനങ്ങളിൽ നിന്നാണ് മോഷണം നടത്തുന്നത്. കാറിൽ മോഷ്ടിച്ച പെട്രോൾ നിറച്ച പത്തോളം കുപ്പികളും പെട്രോൾ നിറക്കാത്ത നിരവധി കുപ്പികളും കണ്ടെത്തി. മോഷ്ടിച്ച പെട്രോൾ ഇവർ വില്പന നടത്തുന്നതായും കുട്ടികൾ പൊലീസിനോട് പറഞ്ഞു.

മുമ്പ് രാത്രികാലങ്ങളിൽ മോഷണം നടന്നുവെങ്കിൽ ഇപ്പോൾ പകൽ സമയങ്ങളിലും മോഷണം നടക്കുന്നുണ്ട്. വിജനമായ രണ്ടാം ഫ്‌ളാറ്റ്‌ഫോമിലെ പാർക്കിങ്ങ് സ്ഥലത്ത് നിന്നാണ് മോഷണം കൂടുതലും നടക്കുന്നത്.