ഗാന്ധിനഗർ: സ്വയം വിവാഹം കഴിക്കാൻ ഒരുങ്ങുന്ന ഗുജറാത്തിലെ വഡോദര സ്വദേശിനിയായ 24-കാരി ക്ഷമ ബിന്ദുവിനെതിര ബിജെപി നേതാവ് സുനിത ശുക്ല രംഗത്ത്. ക്ഷേത്രത്തിൽവെച്ച് വിവാഹം എന്ന ക്ഷമയുടെ ആഗ്രഹം നടക്കില്ലെന്നും അത് ഹിന്ദുത്വത്തിന് എതിരാണെന്നുമാണ് സുനിത ശുക്ല പറയുന്നത്. ഇത്തരം ആചാരങ്ങൾ ഹിന്ദുമതത്തിൽ ഇല്ല. ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കാനേ ഇതുവഴി സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

സ്വയം വിവാഹം ചെയ്യാൻ ഒരുങ്ങുന്ന ക്ഷമ കഴിഞ്ഞ ദിവസങ്ങളിലാണ് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത്. മറ്റൊരാളെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും അതേസമയം വധുവായി അണിഞ്ഞൊരുങ്ങാനുള്ള ആഗ്രഹംകൊണ്ട് ജൂൺ 11-ന് താൻ തന്നെത്തന്നെ വിവാഹം കഴിക്കാൻ പോവുകയാണെന്നും ക്ഷമ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു.